കാലടി: കാലടി ശിവരാത്രി മണല്‍പ്പുറത്ത് സിനിമക്കായി നിര്‍മിച്ചിരുന്ന ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സിനിമാസെറ്റ് പൊളിച്ചു തുടങ്ങി. മൂന്ന് മാസം മുമ്പാണ് ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി സിനിമ സെറ്റ് നിര്‍മിച്ചത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിത്രീകരണം മുടങ്ങി. സെറ്റ് പൊളിക്കാന്‍ ഇരിക്കാന്‍ ഒന്നരാഴ്ച മുമ്പ് അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് (എഎച്ച്പി) പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിനെത്തുടര്‍ന്ന് നിര്‍മാതാക്കളുടേയും ശിവരാത്രി ആഘോഷസമിതിയുടേയും പരാതിയെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് അമ്പതോളം പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതില്‍ ഒന്നാം പ്രതി മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപം വെട്ടുകാട്ടില്‍ വീട്ടില്‍ രതീഷ് എന്ന് വിളിക്കുന്ന കാരരതീഷ് (37) അടക്കം അഞ്ച് പേര് പോലീസിന് കീഴടങ്ങിയിരുന്നു. രണ്ടാം പ്രതി അടക്കമുള്ളവരെ പിടിക്കാനിരിക്കെ അന്വേഷണം മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ആക്ഷേപമുണ്ട്.
ബുധനാഴ്ച രാവിലെയാണ് സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ ഏല്‍പ്പിച്ച കാലടി താന്നിപ്പുഴ സ്വദേശി സെറ്റ് പൊളിക്കാന്‍ തുടങ്ങിയത്. പ്ലൈവുഡും ചൂളക്കഴകളും ഉപയോഗിച്ച് നിര്‍മിച്ച സെറ്റ് ജെസിബി ഉപയോഗിച്ചാണ് പൊളിക്കുന്നത്. ചുരുങ്ങിയ തുകയില്‍ നിര്‍മിച്ച സെറ്റ് വന്‍തുക ചെലവായി കാണിച്ച് സിനിമയ്ക്ക് പ്രചരണം നേടാനെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
എഎച്ച്പി സിനിമാസെറ്റ് തകര്‍ത്തതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ സിനിമാ രംഗത്തെ ഉന്നതരും കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. സിനിമ സെറ്റിന് അനുമതി നല്കിയ കാലടി ഗ്രാമപഞ്ചായത്തിന്റെ പങ്കിനെക്കുറിച്ചും ജനങ്ങളില്‍ സംശയം ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: