ഇരിട്ടി: ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയ മുഴക്കുന്ന് പഞ്ചായത്തിലെ 13-ാം വാർഡ് കാക്കയങ്ങാടിനെ പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കും. തെറ്റായ വിവരത്തിന്റെ അടിസ്ഥനത്തിൽ ആണ് ഈ വാർഡ് അടങ്ങുന്ന പ്രദേശത്തെ ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. മൂന്ന് മാസം മുൻമ്പ് ഗൾഫിൽ നിന്നും എത്തിയ കാക്കയങ്ങാട് സ്വദേശിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് പ്രദേശത്തെ ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്.
എന്നാൽ ഇയാൾ ഗൾഫിൽ നിന്നും വന്നതിന് ശേഷം മൂന്ന് മാസമായി കോട്ടയം പൊയിലിലെ ബന്ധു വീട്ടിലാണ് താമസം. ഇയാളുടെ മേൽവിലാസം കാക്കയങ്ങാട് അയതിനാലാണ് ഇവിടെ ഹോട്ട് സ്‌പോട്ട് മേഖലയായി പ്രഖ്യാപിക്കപെട്ടത് . ഇയാൾ വന്നതിന് ശേഷം കാക്കയങ്ങാടുമായി ബന്ധപ്പെടുകയോ ഇവിടെ നിന്നുള്ള അയാളുടെ ബന്ധുക്കൾ അങ്ങോട്ടു പോവുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും അന്വേഷണത്തിൽ ബോധ്യമായി. ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജില്ലാ കളക്ടർക്കും ഡിഎംഒ ഉൾപ്പെടെ ആരോഗ്യവകുപ്പ് ഉന്നത ഉദ്ധ്യോഗസ്ഥർക്കും അപേക്ഷ നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.
തില്ലങ്കേരി പഞ്ചായത്തിലെ കാവുംപടിയിൽ ഗ്രാമപഞ്ചായത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി. കാവുംപടി സ്വദേശികളായ ദമ്പതിമാരുടെ പരിശോധന ഫലം പോസറ്റീവയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഇവർ ബന്ധപ്പെട്ട കേരള ഗ്രാമീൺ ബാങ്ക്, തില്ലങ്കേരി വനിത സഹകണ സംഘം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മേൽ സ്ഥാപനങ്ങൾ സന്ദർശിച്ചവർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വിമാന ജോലിക്കാരായ ഇരുവരും ഡ്യൂട്ടി കഴിഞ്ഞ് മെയ് 12 മുതൽ 19വരെ സർക്കാറിന്റെ ക്വാറന്റയിൽ കേന്ദ്രത്തിലും പിന്നീട് 26 വരെ കാവുംപടി വീട്ടിലുമാണ് ഉണ്ടായിരുന്നത്. കുടുംബാംഗങ്ങൾ ഒഴികെ മറ്റുള്ളവരുമായി ഇവർ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് കാവുംപടി ടൗൺ അടച്ചിടാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഭാഷ് പറഞ്ഞു.
ഇരിട്ടി ഉൾപ്പെടെ മലയോര മേഖലയിൽ ജീവിതം സാധാരണ നിലയിലേക്ക് അടുക്കുകയാണ്.
ഇരിട്ടിയിൽ വ്യാപര സഥാപനങ്ങൾ ഭൂരിഭാഗവും തുറന്നു. സ്വകാര്യ വാഹനങ്ങളുടെ വരവ് കൂടിയതോടെ നഗരത്തിൽ ഗതാഗതകുരുക്കും ശക്തമായി. ഗ്രാമീണ മേഖലയിലേക്കുള്ള ബസ് സർവ്വീസ് സധാരണ നിലയിലേക്ക് എത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: