കുമളി: വനം വകുപ്പിലെ ക്ലാസ്സ് ഫോര്‍ ജീവനക്കാര്‍ക്ക് തസ്തിക മാറ്റം വഴി എല്‍ഡി ക്ലര്‍ക്ക്/എല്‍ഡി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ജില്ലാ തലത്തില്‍ പട്ടിക തയാറാക്കാന്‍ ഉത്തരവായി.
ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം ലഭിച്ച് ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും വനം വകുപ്പില്‍ മാത്രം ജോലിക്കയറ്റം ലഭിക്കാത്തവരുടെ ദയനീയ സാഹചര്യം കഴിഞ്ഞ മാസം 20 ന് ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജില്ലാ തലത്തില്‍ പട്ടിക തയാറാക്കി താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്കി വരുമ്പോള്‍ വനം വകുപ്പില്‍ മാത്രം ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടു. വനം വകുപ്പില്‍ ജില്ലാതലത്തില്‍ മുകളില്‍ പറയുന്ന രീതിയില്‍ നിയമനം നടത്താന്‍ എല്ലാ ജില്ലകളിലും താഴ്ന്ന വിഭാഗത്തില്‍ മതിയായ ഉദ്യോഗസ്ഥരില്ലെന്ന് വാദമുന്നയിച്ച് രണ്ടിലധികം ജില്ലകളെ സര്‍ക്കിളായി തിരിച്ച് സ്ഥാനം കയറ്റം നല്കി.
അര്‍ഹരായവരെ ഒഴിവാക്കി വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുള്ള ചിലയാളുകള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ വേണ്ടിയാണ് വനം വകുപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമന ചട്ടം അട്ടിമറിച്ചത്. ഇക്കാര്യമാണ് ജന്മഭൂമി വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28ന് അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം) വനം വകുപ്പില്‍ എല്‍ഡി ക്ലര്‍ക്ക്/ ടൈപ്പിസ്റ്റ് എന്നിവയിലേക്ക് തസ്തിക മാറ്റം വഴി നിയമനം നടത്താന്‍ ജില്ലാ തലത്തില്‍ പട്ടിക തയാറാക്കാന്‍ എല്ലാ ടെറിറ്റോറിയല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് ഉത്തരവ് നല്കി. തുടര്‍ നടപടി ഉണ്ടായാല്‍ കഴിഞ്ഞ 20 വര്‍ഷമായി താഴ്ന്ന തസ്തികയില്‍ ജോലി ചെയ്ത നിരവധി പേര്‍ക്കാണ് ഗുണമുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: