ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. ക്വിന്റലിന് 53 രൂപയാണ് താങ്ങുവില വര്‍ദ്ധിപ്പിച്ചത്. 1815 രൂപയായിരുന്നു നിലവിലെ താങ്ങുവില. ഇത് 1868 രൂപയായാണ് വര്‍ദ്ധിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 880 രൂപ ഉള്‍പ്പടെ 2695 രൂപയായിരുന്നു നിലവില്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്.
കേന്ദ്രപ്രഖ്യാപനത്തോടെ ഇനി 2748 രൂപ ലഭിക്കും. കേന്ദ്രത്തിന്റെ മാതൃക പിന്തുടര്ന്ന് സംസ്ഥാനസര്‍ക്കാരും വിഹിതത്തില്‍ വര്‍ദ്ധനവ് വരുത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. മാറിയ സാഹചര്യത്തില്‍ ക്വിന്റലിന് 3,000 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമെ നെല്‍കര്‍ഷകര്‍ക്ക് പിടിച്ചുനില്ക്കാന് സാധിക്കുകയുള്ളു. അതിന് അനുസരിച്ചുള്ള വര്‍ദ്ധനവ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരോട് നിഷേധ നിലപാടാണ് ഇപ്പോഴും തുടരുന്നത്. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ‘ആത്മ’ അടക്കമുള്ള കേന്ദ്ര പദ്ധതികള്‍ പോലും സംസ്ഥാന കൃഷിവകുപ്പ് ഫലപ്രദമായി വിനിയോഗിക്കുന്നില്ല. നെല്ലുവില സംഭരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ പ്രഖ്യാപനങ്ങളിലൊന്ന്.
എന്നാല്‍ മാസങ്ങള്‍ വെകിയാണ് സംഭരണ വില നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണം പോലും യഥാസമയം കര്‍ഷകര്‍ക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കുട്ടനാട്ടില്‍ രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്നിട്ടും കഴിഞ്ഞ രണ്ടാം കൃഷിയുടെയും, പുഞ്ചകൃഷിയുടെയും പണം ലഭിക്കാത്ത കര്‍ഷകര്‍ ഏറെയാണ്. നെല്ലുവില നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പിആര്‍എസ് പദ്ധതി കര്‍ഷകനെ ബാങ്കുകളുടെ കടക്കാരനാക്കി മാറ്റുകയാണ്.
ഇതിനാല്‍ വായ്പകള്‍ പോലും കര്ഷകന് ലഭിക്കാത്ത ദുസ്ഥിതിയാണ്. നെല്ലുവില ബാങ്കുകള്‍ കര്ഷകന് വായ്പയായി അനുവദിക്കുകയും, നിശ്ചിത സമയത്തിനുള്ളില്‍ മുതലും പലിശയും സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളില്‍ അടയ്ക്കുകയുമാണ് പദ്ധതി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ബാദ്ധ്യതക്കാരായി മാറുകയാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: