ഉത്തമഭൂമി ലക്ഷണങ്ങളോടോപ്പം തന്നെ സ്വീകരിക്കാന്‍ ഒട്ടും യോഗ്യമല്ലാത്ത വര്ജ്യഭൂമി ലക്ഷണങ്ങളും ഗ്രന്ഥ പരാമര്‍ശങ്ങളിലുണ്ട്. വലിയ പുരയിടങ്ങളുടെ അഗ്നി ഖണ്ഡങ്ങളും വായുഖണ്ഡങ്ങളും ഗൃഹങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വര്‍ജ്യങ്ങളാണ്. ഭൂമിയുടെ ബ്രഹ്മസ്ഥാനവും നിര്‍മാണത്തിന് സ്വീകരിക്കാവുന്നതല്ല. അപ്രകാരം കാണുന്നമാത്രയില്‍ വൈകൃതം തോന്നുന്നതും കൃത്യമായ ആകൃതിയില്ലാത്തതും, വൃത്തം, മൂന്ന് അഞ്ച്, ആറു കോണുകളുള്ളതും, ആമ, ആന, മത്സ്യം എന്നിവയുടെ പുറം പോലെ നിരപ്പല്ലാതെ വികൃതമായി ഉയര്‍ന്നിരിക്കുന്നതും, ഭൂമിയില്‍ ഉഴുതു നോക്കുമ്പോള്‍ ചാരം, കരിക്കട്ട, ഉമി മുടി, എല്ല് എന്നിങ്ങനെ ശ്മശാനഭൂമിയുടെ ലക്ഷണങ്ങളോടു കൂടിയതും, ചിതല്പുറ്റ്, പാമ്പിന് മാളങ്ങള്‍, ക്ഷുദ്ര ജീവികളുടെ സങ്കേതങ്ങള്‍, ദുര്‍ഗന്ധം എന്നിവയോട് കൂടിയതും, തെക്കും പടിഞ്ഞാറും ദിശകള്‍ ഉയര്‍ന്നിരിക്കുന്നതുമായ ഭൂമികളും വര്‍ജ്യങ്ങളാകുന്നു.
കിഴക്ക്, വടക്ക്, വടക്കുകിഴക്ക് ദിക്കുകള്‍ താഴ്ന്നു പടിഞ്ഞാറ്, തെക്ക്, തെക്കുപടിഞ്ഞാറ് ദിശകള്‍ ഉയര്‍ന്ന ഗോവീഥി, ഗജവീഥി, ധാന്യവീഥി എന്നിവ ഒഴിച്ചു മറ്റു വീഥികളും വര്‍ജ്യങ്ങളാകുന്നു.
ഇതോടൊപ്പം നെല്‍കൃഷി സ്ഥലം, പര്‍വതം, ക്ഷേത്രം, സമുദ്രം, നദി, പര്‍ണശാല, മൃഗങ്ങളുടെ ആവാസസ്ഥാനം എന്നിവയുടെ അതി സാമീപ്യവും ഒഴിവാക്കണം. ദേവാലയം, ആരാധനാകേന്ദ്രങ്ങള്, രാജകൊട്ടാരങ്ങള്‍, മൃഗങ്ങളുടെ ആശ്രയങ്ങള്‍, സിദ്ധാശ്രമം, ഉദ്യാനം പോലുള്ള പൊതുസ്ഥലങ്ങള്‍, ശ്മശാനം എന്നിവയുടെ സാമീപ്യമുള്ള ഭൂമിയും ഉചിതമല്ല.
അനാശാസ്യകര്മങ്ങള്ക്ക് ഇടമായവയും, പാമ്പിന്കാവുകളും, കൃഷിഭൂമിയും നാലു ഭാഗം തുറന്നു കിടക്കുന്നതും, കോണുകളില്‍ മഹാവൃക്ഷങ്ങള്‍ ഉള്ളവയും, മിഴാവിന്റെയോ ശൂലത്തിന്റേയോ ആകൃതിയുള്ള ഭൂമിയും, മൃതദേഹം, മത്സ്യം, പറവകള്‍ എന്നിവയുടെ ഗന്ധമുള്ള ഭൂമിയും വാസത്തിനു നിഷിദ്ധമാണ്. ലവണരസയുക്തമായതും, പുറ്റുകളോ കൃമികളോ അവശിഷ്ടങ്ങളോ ഉള്ള മണ്ണോടു കൂടിയതും, ചെളി കലര്‍ന്ന പാഴ്കിണര്‍ ഉള്ളതും, കോണ്‍ തെറ്റിയതുമായ ഭൂമികളും നിഷിദ്ധങ്ങളാണ്.
കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ചു നിര്‍ണയിക്കപ്പെട്ട വാസ്തു വിധികളില്‍ ഭൂസ്വീകരണവിധികള് പ്രധാനമാകുന്നു. പര്‍വതങ്ങളുടെ താഴ്വരകളും കൃഷി ഭൂമിയും നദീസാമീപ്യവും വര്‍ജിക്കണം എന്നിവ പോലുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി ശാസ്ത്രം ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തി. എന്നാല്‍ വാസ്തുവിദ്യാ നിയമങ്ങളില്‍ നിന്നുള്ള വ്യതിയാനം ഗൃഹവാസ ഇടങ്ങളുടെ സുരക്ഷയ്ക്ക് ഹാനികരമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: