അങ്കമാലി: കൊറോണ വ്യാപനം കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേയ്ക്കെത്തിക്കുന്ന പദ്ധതിയില്‍ ഇതുവരെ കൊച്ചി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികള്‍. ജൂണ്‍ അഞ്ചുമുതല്‍ ഈജിപ്തിലെ കെയ്റൊ മുതല്‍ ഫിലിപ്പൈന്‍സിലെ സെബു വരെയുള്ള രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുമായി വിമാനങ്ങളെത്തും.
മെയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് കൊച്ചിയിലാണ്. മെയ് 31 വരെ ഗള്‍ഫ്, യുണൈറ്റഡ് സ്റ്റേസ്, യൂറോപ്പ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ നിന്ന് 8,554 പ്രവാസികളെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ മാത്രം 48 സര്‍വീസുകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളെ ക്കൂടാതെ സാന്‍ഫ്രാന്‍സിസ്കോ, കീവ്, യെരെവന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദല്‍ഹി/ മുബൈ വിമാനത്താവളങ്ങള്‍ വഴിയും സര്‍വീസുകള്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തിയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടന്, മാലി, ഒമാന്‍, ഖത്തര്‍, ബഹറിന്‍ എന്നീ രാജ്യങ്ങള്‍, കേരളത്തിലുണ്ടായിരുന്ന അവരുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോയി. ആയിരത്തോളം പേര് ഇപ്രകാരം കൊച്ചിയില്‍നിന്ന് മടങ്ങിപ്പോയി. നൈജീരിയില്‍ നിന്ന് 312 പേരുമായി എയര്‍പീസ് വിമാനം കൊച്ചിയിലെത്തി. ഇതില്‍ 197 മലയാളികളുണ്ടായിരുന്നു.
ജൂണ്‍ ആദ്യയാഴ്ചയില്‍ത്തന്നെ പുതിയ രാജ്യങ്ങളില്‍ നിന്ന് കൊച്ചിയില്‍ വിമാനങ്ങളെത്തും. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ജൂണ്‍ അഞ്ചിന് രാത്രി 7.45ന് കൊച്ചിയിലെത്തും. വിയറ്റ്നാമില്‍ നിന്ന് ജൂണ്‍ ഏഴിനും കെയ്റോയില്‍ നിന്ന് 16നും യുക്രൈനിലെ കീവില്‍ നിന്ന് 19നും ലണ്ടനില്‍ നിന്ന് 22നും ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്ന് 23നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തും. മാള്‍ട്ട നിന്ന് എയര്‍ മാള്‍ട്ട ജൂണ്‍ ഒമ്പതിനും ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് 10 നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തും.
മാര്‍ച്ച് മുതല്‍ സിയാല്‍ കാര്‍ഗോ വിഭാഗവും പ്രവര്‍ത്തന നിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാര്‍ഗോ വിമാനങ്ങള്‍ കൊച്ചിയിലെത്തി. 4,644 മെട്രിക് ടണ്‍ കാര്‍ഗോ കയറ്റുമതിയും 223.4 മെട്രിക് ടണ്‍ കാര്‍ഗോ ഇറക്കുമതിയും ചെയ്തു.
ഇന്നലെ 540 പേര് കൊച്ചിയിലെത്തി. ദുബായ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസാണ് സര്‍വീസ് നടത്തുന്നത്. ഇന്ന് ബഹ്റിന്, അബുദാബി, ദമാം, ദുബായ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെത്തും. തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തില്‍ 1308 ആഭ്യന്തര യാത്രക്കാരെത്തി. 827 പേര് യാത്ര പുറപ്പെട്ടു. ഇന്ന് 26 ആഭ്യന്തര സര്‍വീസുകളുണ്ട്.
വിമാനത്താവളത്തില്‍നിന്ന് ഊബര്‍ സര്‍വീസ്
ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയതോടെ കൊച്ചിയില്‍ ഊബറിന്റെ എയര്‍പോര്‍ട്ട് സര്‍വീസും പുനരാരംഭിച്ചു. ഊബര്‍ ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ എക്സ്എല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇനി റൈഡര്‍മാര്‍ക്ക് ലഭ്യമാകും.
സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും യാത്ര. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ബന്ധമുള്ള ഗോ ഓണ്‍ലൈന്‍ ചെക്ക്ലിസ്റ്റ്, ട്രിപ്പിനു മുമ്പെ ഡ്രൈവര്‍മാര്‍ക്ക് സെല്‍ഫിയിലൂടെയുള്ള മാസ്ക് പരിശോധന, ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം , സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ ട്രിപ്പ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കുന്ന പുതുക്കിയ കാന്സലേഷന് നയം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.
മാസ്ക്കുകളും സാനിറ്റൈസറുകളും ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് ഊബര്‍ സൗജന്യമായി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: