കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിനു സമീപം പാല്‍ക്കുളത്തില്‍ മാലിന്യം തള്ളിയത് തണ്ണീര്ക്കുളം മണ്ണിട്ട് മൂടാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നു ആരോപിച്ച് ബിജെപി നഗരസഭാസമിതിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര നഗരസഭാ കാര്യാലയത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
പാല്‍ക്കുളത്തില്‍ നിന്നുള്ള ചാല്‍വഴി മാലിന്യം ഒഴുകിയതോടെ കൊട്ടാരക്കര നഗരസഭയിലെ രണ്ട് ഡിവിഷനുകളിലെ പ്രദേശവാസികള്‍ക്ക് ജനജീവിതം ദുസ്സഹമായി. ഇതേത്തുടര്‍ന്ന് പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും കളക്ടര്‍, നഗരസഭാ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഒരാഴ്ചയായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാകേന്ദ്രത്തിനു മുന്നില്‍ സമരം നടത്തിയത്.
സമരം ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ. ആര്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കുളവും കൃഷിസ്ഥലവുമായിരുന്ന പാല്‍ക്കുളം മണ്ണിട്ട് മൂടി വന്‍ വിലയ്ക്ക് വില്‍ക്കുവാനും ലക്ഷങ്ങള്‍ കമ്മീഷന് ക്വട്ടേഷന്‍ എടുത്തിരിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ ചില ജനപ്രതിനിധികളുടെ ഒത്താശയോടെ മാലിന്യം നിറച്ചതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധത്തില്‍ ബിജെപി നഗരസഭാ സമിതി പ്രസിഡന്റ് അനീഷ് കിഴക്കേക്കര, മണ്ഡലം സെക്രട്ടറി അരുണ്‍ കാടാംകുളം, രാജീവ് കേളമത്ത്, വിഷ്ണു വല്ലം, രാഹുല്‍ മണികണേ്ഠശ്വരം, രാഹുല്‍ പടിഞ്ഞാറ്റിങ്കര, അഭീഷ് വിനായക, രാജന്പുലരി, ദീപു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: