തിരുവനന്തപുരം: നാട്ടുവഴിയില്‍ തളംകെട്ടിയ മഴവെള്ളം കുഞ്ഞിക്കാലുകള്‍ കൊണ്ട് തെറിപ്പിച്ച്, കുസൃതിച്ചിരിയോടെ ഒരു രണ്ടു വയസുകാരി നടന്നുവരുന്നു. അവള്‍ക്ക് പിന്നില്‍ കരുത്തായി, കരുതലായി, ചങ്ങലയോ പാപ്പാനോ ഇല്ലാതെ ഒരു ആനയും..!
രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ഇവരുടെ അപൂര്‍വ ചങ്ങാത്തം. ഉമയും ഭാമയുമാണത്. ഇതില്‍ ആരാണ് ഉമ ആരാണ്, ഭാമ എന്നല്ലേ.? തിരുവനന്തപുരം കൊഞ്ചിറവിളയിലുള്ള ഉമാമഹേശ്വര മഠത്തിലെ മഹേഷ് കൃഷ്ണന്‍ നമ്പൂതിരിയുടെ ആനയാണ് ഉമാദേവി. മഹേഷിന്റെ ഏക മകളാണ് രണ്ടു വയസുകാരി ഭാമ. കുമളിയില്‍ ആനസവാരിക്ക് നിര്‍ത്തിയിരുന്ന ഉമയെ എട്ടുവര്‍ഷം മുമ്പാണ് മഹേഷ് മഠത്തില്‍ എത്തിക്കുന്നത്. ഭാമ ജനിച്ചതുമുതല്‍ കാണുന്ന ആനച്ചന്തം. ഇരുവരും ഒരു ദിവസം പോലും കാണാതിരിക്കില്ല. നടത്തവും കളിയുമെല്ലാം ഒന്നിച്ച്.
മുപ്പത്തിനാലുകാരി ഉമ സ്വന്തം കുഞ്ഞിനെ പോലെയാണ് ഭാമയെ നോക്കുന്നത്. അവള്‍ അടുത്തുവരുമ്പോള്‍ അനങ്ങാതെ നില്‍ക്കും. തുമ്പിക്കൈ പോലും അറിയാതെ കുഞ്ഞിന്റെ ദേഹത്ത് തട്ടരുതെന്ന രീതിയില്‍. ഭാമ സംസാരിക്കുമ്പോള്‍ പ്രത്യേക ശബ്ദം ഉണ്ടാക്കി ഉമ മറുപടി പറയും. അത്രമാത്രം കരുതലും സ്‌നേഹവുമാണ് ഉമയ്‌ക്ക് ഭാമയോട്. കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണി പോലെയാണ് ഉമ നോക്കുന്നതെന്ന് ഭാമയുടെ അമ്മ ദേവികയും സാക്ഷ്യപ്പെടുത്തുന്നു.
ഭാമയ്‌ക്ക് കഴിക്കാന്‍ കൊടുക്കുന്ന പലഹാരങ്ങളില്‍ ഒരു പങ്ക് ഉമയ്‌ക്കുള്ളതാണ്. ക്ഷേത്രങ്ങളില്‍ ആറാട്ടിന് ഉമ പോകാറുണ്ട്. ശംഖുംമുഖം ക്ഷേത്രത്തില്‍ സ്ഥിരമായി തിടമ്പേറ്റുന്നത് ഉമയാണ്. ഇന്നേവരെ കുസൃതി കാട്ടിയിട്ടില്ല ഉമ. ആരോടും ഇണങ്ങുന്ന പ്രകൃതം. പക്ഷേ, ഏറ്റവുമധികം ഇഷ്ടവും കൂട്ടും ഭാമയോടു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: