ന്യൂദല്‍ഹി : അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കിടെ 196ലെ ഇന്ത്യയല്ല ഇപ്പോഴത്തേതെന്ന് ഓര്‍മ്മപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സൈനിക തലത്തില്‍ ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്കെതിരെ കരുനീക്കം നടത്താനാവില്ല. അതിനേക്കുറിച്ച് ആരും ചിന്തിക്കുകയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
1962ലെ ഇന്തോ- ചൈന യുദ്ധം നടന്നത് പോലെയുള്ള സാഹചര്യമല്ല ഇപ്പോള്‍. രാജ്യം തലകുനിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് അറിയിച്ചു. ദിവസങ്ങളായി ഇന്ത്യ- ചൈന അതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള സൈനിക നീക്കങ്ങളില്‍ കേന്ദ്രമന്ത്രി ഇപ്പോഴാണ് പ്രതികരിക്കുന്നത്.
രാജ്യത്തിന്റെ അന്തസ്സിന് കോട്ടം വരുന്ന വിധത്തില്‍ ഒരു സ്ഥിതിവിശേഷവും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും സ്വകാര്യ വാര്‍ത്താ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി അറിയിച്ചു. അയല്‍ രാജ്യങ്ങളുമായി സമാധാന പരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കാനാണ് ദീര്‍ഘകാലമായി ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ നിലവില്‍ ഉണ്ടായത് പോലുള്ള സ്ഥിതി വിശേഷങ്ങളും ഉടലെടുക്കുന്നുണ്ട്.
നിലവില്‍ പ്രശ്നങ്ങള്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കാന്‍ സൈന്യം ശ്രമം നടത്തി വരികയാണ്. നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ചൈനയും താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
അതേസമയം ഇന്ത്യ- ചൈന വിഷയത്തില്‍ ഒരു രാജ്യത്തിന്റേയും മധ്യസ്ഥത വഹിക്കേണ്ട ആവശ്യമില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. സൈനിക തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയമാണ് ഇത്. ഇക്കാര്യം യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണ രേഖ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ചൈനീസ് സൈന്യം ചിലപ്പോള്‍ നിയന്ത്രണ രേഖ മറികടക്കാറുണ്ട്. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ വരെ എത്താറുമുണ്ട്. മുമ്പ് പലതവണയും ഇത് ഉണ്ടായിട്ടുണ്ട്. 2017ലെ ധോക്ലാമില്‍ ഇത്തരത്തില്‍ ഒന്ന് ഉടലെടുത്തിരുന്നു. ഇരു സൈന്യവും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇത് പരിഹരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: