കണ്ണൂര്‍: കഴിഞ്ഞദിവസം അന്തരിച്ച ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റു മായിരുന്ന എം.കെ. ശശീന്ദ്രന് മാസ്റ്റര്‍ കറകളഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് സര്‍വ്വമംഗള ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന ശശീന്ദ്രന് മാസ്റ്റര്‍ അനുസ്മരണ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് ട്രസ്റ്റ് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകനായിരിക്കേ 1978 മുതല്‍ സംഘപ്രസ്ഥാനങ്ങളിലൂടെയാണ് ശശീന്ദ്രന് മാസ്റ്റര്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. വാരത്തെ ആര്‍എസ്എസ് ശാഖയിലൂടെ വളര്‍ന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ഏറ്റവുമൊടുവില്‍ സംസ്ഥാന സമിതിയംഗം തുടങ്ങി സംഘടനാപരമായ വിവിധ ചുമതലകള്‍ വഹിച്ചു. പൊതുപ്രവര്‍ത്തനരംഗത്ത് തന്റെതായ വ്യക്തിത്വം കാത്തുസൂക്ഷിച്ച അദ്ദേഹം ആദര്ശാലിയും ധൈര്യശാലിയുമായിരുന്നു.
എല്ലാ പ്രതിസന്ധികളെയും നേരിട്ട് സംഘടനയെ മുന്നോട്ട് നയിച്ച അദ്ദേഹം സേവനരംഗത്ത് നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 2004ല്‍ ആരംഭിച്ചത് മുതല്‍ ട്രസ്റ്റ് അംഗമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം ട്രസ്റ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയായിരുന്നു. ട്രസ്റ്റ് ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സജീവപങ്കാളിത്തമുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തും സേവനരംഗത്തും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കാകെ വഴികാട്ടിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് നമ്മെ ഏല്‍പ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വപ്നസാഫല്യത്തിന് എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
ആര്‍എസ്എസ് പ്രാന്തീയ ഗ്രാമസേവാ സഹപ്രമുഖ് സജീവന് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.വി. പ്രഭാകരന്, റോയല്‍ രാജീവന്, ഹരികൃഷ്ണന്, എം. രാജീവന്, എം.കെ. വിനോദ്, അഡ്വ. എം. രമേശ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.ടി. രമേഷ് സ്വാഗതവും ശിവരാജന് കക്കാടന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: