വെള്ളറട: സിപിഎം പ്രമുഖ നേതാവ് കണ്ണുവച്ച വസ്തുവില്‍ വീടുവച്ച കുടുംബത്തിന് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വീട്ടുനമ്പര്‍ നിഷേധിച്ചതായി പരാതി. പഞ്ചായത്ത് അനുമതിയോടെ നിര്‍മിച്ച വീടാണിത്. കുന്നത്തുകാല്‍ കുറുവാട് എം.എം. ഹൗസില്‍ സതീഷ്കുമാര്‍-സിനി അലക്സ് ദമ്പതികളാണ് കുന്നത്തുകാല്‍ പഞ്ചായത്തില്‍ നിന്നും വീട്ടുനമ്പര്‍ നല്‍കാതെ കബളിപ്പിക്കുന്നു എന്ന പരാതിയുമായി എത്തിയത്. വീട്ടുനമ്പര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സിനി അലക്സും ഭര്‍തൃപിതാവും തന്റെ കുഞ്ഞുങ്ങളുമായി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരം ചെയ്തു.
2016 ഒക്ടോബര്‍ മാസം 4ന് വീടുപണിക്കുള്ള അനുമതി കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് വീടുപണി പൂര്‍ത്തിയായ ശേഷം വീട്ടുനമ്പറിന് വേണ്ടി പഞ്ചായത്തില്‍ പോയെങ്കിലും റോഡിനോട് ചേര്‍ന്നാണ് വീട് പണിതതെന്നും അതിനാല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പരിശോധിച്ചശേഷം നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചേ വീടിന് നമ്പര്‍ നല്കാന് സാധിക്കൂവെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
അതനുസരിച്ച് പൊതുമരാമത്ത് അധികൃതര്‍ പരിശോധിച്ച റിപ്പോര്‍ട്ട് പഞ്ചായത്തില്‍ നല്കി എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്നാരോപിച്ച് പുതിയ റിപ്പോര്‍ട്ട് നല്കാന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.
2019 മാര്‍ച്ച് മാസം 9 ന് പൊതുമരാമത്ത് വകുപ്പ് നല്കിയ റിപ്പോര്‍ട്ട് പ്രകാരം റോഡ് കയ്യേറി വീടിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയിട്ടില്ലെന്നും കെട്ടിട നമ്പര്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പിന് തടസ്സമില്ലെന്നും വ്യക്തമായി റിപ്പോര്‍ട്ട് നല്കി.
തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ നിന്നും റോഡ് കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ട് വേണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കുകയും ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അളന്നു തിട്ടപ്പെടുത്തി നിര്‍മാണത്തില്‍ യാതൊരു പിഴവും ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നല്കി. ഇതുമായി പഞ്ചായത്തില്‍ എത്തിയപ്പോള്‍ ഇപ്പോള്‍ സമയമില്ലെന്നും പിന്നീട് വരാനുമാണ് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഈ കുടുംബം പല തവണ പഞ്ചായത്തില്‍ കയറിയിറങ്ങിയെങ്കിലും വീട്ടുനമ്പര്‍ നല്കാന് അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം ജില്ലാ കളക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്കി.
കുടുംബം വസ്തു വാങ്ങുന്നതിന് മുന്നേ തന്നെ സിപിഎമ്മിന്റ ഒരു പ്രമുഖ നേതാവ് ഈ വസ്തു വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇത് മറികടന്ന് തങ്ങള്‍ വസ്തു സ്വന്തമാക്കിയതു കാരണമാണ് സിപിഎം ഭരിക്കുന്ന കുന്നത്തുകാല്‍ പഞ്ചായത്തിലെ അധികാരികളും നേതാക്കളും ചേര്‍ന്ന് ഈ ഒത്തുകളി നടത്തുന്നതെന്ന് കുടുംബം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: