മല്ലപ്പള്ളി: വരമ്പ്സംരക്ഷണത്തിനും മണ്ണൊലിപ്പു തടയുന്നതിനുമായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ കയർ ഭൂവസ്ത്രം തുടർ നടപടികളില്ലാത്തതു മൂലം ചിതലെടുത്തു നശിക്കുന്നു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഇളംകൂറ്റിൽ ഭാഗത്ത് വരമ്പുകളും കൈത്തോടുകളുടെ അരികുകളും സംരക്ഷിക്കുന്നതിനായി പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കയർഫെഡിൽ നിന്നും വാങ്ങിയ കയർ ഭൂവസ്ത്രമാണ് യാതൊരു തുടർ പ്രവർത്തികളും നടത്താതെ മാസങ്ങളായി മഴനനഞ്ഞും ചിതലരിച്ചും ഉപയോഗ ശൂന്യമായി കിടക്കുന്നത്.
കയർഫെഡിനെ സംരക്ഷിക്കാനായുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് കുന്നന്താനം ഗ്രാമ പഞ്ചായത്തിലും ഈ പേരിൽ ലക്ഷങ്ങളുടെ കയർ മെത്തകൾ വാങ്ങിക്കൂട്ടിയത്. കയർ ഭൂവസ്ത്രം വിരിച്ച് പലസ്ഥലങ്ങളിലും വയലേലകളിൽ ഇടവരമ്പുകൾ സംരക്ഷിക്കുന്നതിന്റെ ചുവടുപിടിച്ചാണ് ഇവിടേയും ഇത്തരമൊരു സംരംഭത്തിനു പഞ്ചായത്ത് തുനിഞ്ഞിറങ്ങിയതെങ്കിലും, പൊതുവെ വയൽ പ്രദേശങ്ങൾ കുറവായ കുന്നന്താനം പഞ്ചായത്തിൽ ഇത്തരമൊരു ഭൂവസ്ത്രം ആവശ്യം ഇല്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇതിവിടെ ഇറക്കിയിട്ടതല്ലാതെ ആരും ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇനിയും മഴക്കാലത്തിന്റെ വരവായതിനാൽ ലക്ഷങ്ങൾ മുടക്കിയ ഈ കയർ ഉത്പന്നം മാലിന്യ കൂമ്പാരമായി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിന്റെ ധൂർത്തിനെ പറ്റി വ്യാപകമായ ആക്ഷേപം നിലനിൽക്കുമ്പോഴാണ് ആർക്കും ഉപകരിക്കാതെ ലക്ഷങ്ങൾ ചിതലരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: