കോട്ടയം: വിവാദങ്ങള്‍ക്കൊടുവില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ ബാറുകള്‍ക്ക് ചാകരയാണ്. ബാറുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടപ്പോള്‍ ബിവറേജുകള്‍ തിരക്കൊഴിഞ്ഞ് കിടന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ബാറുകളില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷമാണ് തുറന്ന് കൊടുത്തത്.
ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയത് മൂലം കോട്ടയത്ത് ചില ബാറുകള്‍ തുറന്നത് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ്. മൊബൈല്‍ സാങ്കേതിക തകരാര്‍ ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്തത് ഉപഭോക്താക്കളെയും ബാറ് ജീവനക്കാരെയും വലച്ചു. രാവിലെ മുതല്‍ ക്യൂവില്‍ നിന്നവര്‍ക്ക് ഉച്ചയ്ക്ക് ശേഷവും മദ്യം ലഭിക്കാത്ത സാഹചര്യവും ഉണ്ടായി.
ഉപഭോക്താവ് മദ്യം ബുക്ക് ചെയ്യുമ്പോള്‍ ആപ്പ് നിര്‍ദേശിക്കുന്നത് സ്വകാര്യ ബാറുകളാണ്. ബിവറേജ് പാടെ ആപ്പ് ഒഴിവാക്കിയതോടെ സ്വകാര്യ ബാറുകളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ആപ്പ് ബിവറേജിനെ കൈവിട്ടതോടെ ലോക്ഡൗണിന് ശേഷം ബിവറേജിന് നഷ്ടകച്ചവടമായിരിക്കുകയാണ്. ആപ്പില്ലാതെ മദ്യം വാങ്ങാന്‍ ബാറുകളിലും ബിവറേജുകളിലും എത്തിയവരും കുറവല്ല. ഇവരെ പോലീസും ബാറ് ജീവനക്കാരും ചേര്‍ന്ന് പുറത്താക്കി.
അതേസമയം കോട്ടയത്ത് നിന്ന് മദ്യത്തിനായി ആപ്പില്‍ ബുക്ക് ചെയ്താല്‍ കിലോമീറ്ററുകള്‍ക്ക് അകലെയുള്ള ബാറുകളില്‍ നിന്നാവും മദ്യം വാങ്ങാന്‍ അനുമതി കിട്ടുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആപ്പിന്റെ സാങ്കേതികമായിട്ടുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. ഉപഭോക്താവിന് ഫോണിലൂടെ ലഭിച്ച ക്യൂആര്‍ കോഡ് കൃത്യമായി പരിശോധിക്കുന്നതിനായി ബാറുടമകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം ആപ്പ് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇത് പലര്‍ക്കും ലഭിച്ചിരുന്നില്ല. ഇതിന്റെ യൂസര്‍നെയിം, പാസ് വേഡും ഒടിപിയും ലഭിക്കാതിരുന്നത് ബാറുകളില്‍ വലിയ അനിശ്ചിതത്വാണ് സൃഷ്ടിച്ചത്. ഒടുവില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം സമയം നിശ്ചയിച്ച് ടോക്കണ്‍ നല്‍കിയാണ് മദ്യവില്‍പ്പന നടത്തിയത്.
അതേസമയം ബാറുകളിലൂടെ വില്‍പ്പന നടത്തുന്ന മദ്യത്തിന്റെ കണക്കെടുപ്പിന് വലിയ പ്രതിസന്ധിയാകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: