പാലക്കാട്: ചേലക്കരയിലെ ടാക്സി ഡ്രൈവര്‍ രഘുവിനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. ഒന്നാം പ്രതി കാരപ്പൊറ്റ ഇളനാട് പറോക്കാട് വീട്ടില്‍ പ്രസാദ്, രണ്ടാം പ്രതി കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശി മുഹമ്മദാലി എന്നിവര്‍ക്ക് ഇരട്ടജീവപര്യന്തവും, മൂന്ന് ലക്ഷംരൂപ പിഴയും, എട്ടാം പ്രതി പെരിങ്ങോട്ടുകുറിശ്ശി വടക്കുംപുറം കളരിക്കല്‍വീട്ടില്‍ രാജേന്ദ്രന് ജീവപര്യന്തം തടവും, ഏഴാംപ്രതി തൃശൂര്‍ എളനാട് കീടംകുന്നത്ത് സന്തോഷിന് മൂന്ന് വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷിച്ചു. പാലക്കാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. ഇന്ദിരയാണ് ശിക്ഷ വിധിച്ചത്.
ഒളിവിലുള്ള മറ്റുപ്രതികളായ കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശി അബു താഹിര്‍, കാരപ്പൊറ്റ പടിഞ്ഞാറേ മുറിയില്‍ കൃഷ്ണദാസ്, വടക്കാഞ്ചേരി കുമരനല്ലൂര്‍ കെ.പി കുന്നില്‍ മാങ്ങാട്ടിരിവീട്ടില് രജീഷ് എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഇവരെ കണ്ടെത്തുന്നതിനായി വാറണ്ട് പുറപ്പെടുവിച്ചു.
2012ഡിസംബര്‍ ആറിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ ചേലക്കര ചെട്ടിത്തെരുവ് ആലിക്കല്‍ പറമ്പ് വീട്ടില്‍ മുത്തുവിന്റെ മകന് രഘു(കണ്ണന്- 38)വിനെ ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കെന്ന പേരില്‍ ടാക്സി വിളിച്ച് ചേലക്കര കോങ്ങോട്ടുപാടത്തെ വിജനമായ പ്രദേശത്തു വച്ച് കൊലപ്പെടുത്തുകയും തിരുനെല്ലായ് പുഴയില്‍ തള്ളുകയുമായിരുന്നു. തെളിവ് നശിപ്പിക്കാനായി മൃതദേഹത്തിന്റെ കഴുത്തും വയറും കീറിമുറിച്ച നിലയിലായിരുന്നു. തലയില്‍ കൂര്‍ത്ത ആയുധം കൊണ്ടേല്‍പ്പിച്ച മാരകമായ മുറിവും ഉണ്ടായിരുന്നു.
ഊട്ടിയിലേക്ക് ഓട്ടം പോവുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ച രഘുവിന്റെ നമ്പര്‍ സ്വിച്ഛ്ഓഫ് ആയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചേലക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകവിവരം പുറത്തുവരുന്നത്. ദിവസങ്ങള്‍ക്കകം തന്നെ പ്രതികളെയെല്ലാം പിടികൂടി.
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണം കള്ളക്കടത്ത് നടത്താനുള്ള വാഹനത്തിനായാണ് അരുംകൊല നടത്തിയത്. വാഹനം വില്ക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഉപേക്ഷിച്ച നിലയില്‍ വാഹനം കോയമ്പത്തൂരില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: