തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം വനമേഖലയില്‍ സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചെക്ക്പോസ്റ്റുകള്‍ പ്രവര്‍ത്തനരഹിതം. ലോക്ഡൗണിനെ മറയാക്കിയാണ് കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയെന്ന് വനവാസികള്‍.
പേപ്പാറ റേഞ്ചില്‍പ്പെടുന്ന പൊടിയകാലയിലെ സുന്ദരിമുക്ക്, ബോണക്കാടിലെ കാണിത്തടം തുടങ്ങിയ ചെക്ക്പോസ്റ്റുകളാണ് നിലച്ചത്. വരുംദിവസങ്ങളില്‍ വനത്തിനോട് അടുത്ത പ്രദേശങ്ങളിലുള്ള കൂടുതല്‍ ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
വനവാസി ഊരുകളിലും വനമേഖലയിലും പുറമെ നിന്നുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യം വ്യാപകമായതോടെയാണ് വനവാസികളുടെ പരാതിയില്‍ സുന്ദരിമുക്കില് ചെക്ക്പോസ്റ്റിന്റെ തുടക്കം. എന്നാല്‍ ഇത് ഇല്ലാതാക്കിയതോടെ പൊടിയക്കാല വനവാസികള്‍ ഭീതിയിലായിരിക്കുകയാണ്.
മൂന്ന് മാസത്തിന് മുമ്പാണ് ആദ്യമായി സുന്ദരിമുക്കിലെ ചെക്ക്പോസ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. വനവാസികളില്‍ പ്രതിഷേധമുയര്‍ന്നതോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ലോക്ഡൗണ്‍ ഇളവ് വന്നയുടനെ ചെക്ക്പോസ്റ്റ് പ്രവര്‍ത്തനം വീണ്ടും നിലച്ചു. ഇവിടങ്ങളില്‍ ചെക്ക്പോസ്റ്റ് ആവശ്യമില്ല എന്നാണ് ഉന്നതാധികൃതരുടെ പ്രതികരണമെന്ന് വനവാസികള്‍ പറഞ്ഞു. പേപ്പാറ വനമേഖലയിലേക്ക് കുട്ടപ്പാറ ചെക്ക്പോസ്റ്റ് കടന്നാല്‍ ആര്‍ക്കും വനമേഖലയില്‍ സൈ്വരവിഹാരം നടത്താമെന്ന സ്ഥിതിവിശേഷമാണ് സുന്ദരിമുക്ക് ചെക്ക്പോസ്റ്റ് അവസാനിപ്പിച്ചതോടെ ഉണ്ടായിരിക്കുന്നത്. പേപ്പാറ ഡാം സന്ദര്‍ശനം അറിയിച്ചാല്‍ കുട്ടപ്പാറ ചെക്ക്പോസ്റ്റ് കടക്കുന്നതിന് തടസ്സവുമുണ്ടാകില്ല എന്നതാണ്.
അതേസമയം പുറമെ നിന്നുള്ളവര്‍ക്ക് വനഭൂമി കയ്യടക്കാനുള്ള ഗൂഢശ്രമത്തിന്റെ മുന്നോടിയാണ് ചെക്ക്പോസ്റ്റ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നാണ് ആരോപണം. ചെക്ക്പോസ്റ്റ് പ്രവര്ത്തനമുണ്ടായിരുന്നാല് വനത്തിലേക്ക് പ്രവേശിക്കുന്നവര്‍ കാരണം ചെക്ക്പോസ്റ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഇനി അതിന്റെ ആവശ്യമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വനത്തില്‍ പ്രവേശിക്കാമെന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.
വനമേഖലയിലെ ഭൂമി കച്ചവടത്തെക്കുറിച്ച് ‘ജന്മഭൂമി’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനവാസികളായ ചിലരെ സ്വാധീനിച്ചാണ് ഭൂമി കച്ചവടം നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നെങ്കിലും പാതിവഴിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: