കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു ഉത്തരവിട്ടു. വിദേശ രാജ്യങ്ങളില്‍ നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നിരീക്ഷണ കേന്ദ്രം ഒരുക്കുന്നതിന് ഈ വീടുകള്‍ ഉപയോഗിക്കും.
വാര്‍ഡ് ലെവല്‍ ആര്‍ആര്‍ടികളുടെ കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് വീടുകള്‍ ഏറ്റെടുക്കുക. ഇവയെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കും. വരും ദിവസങ്ങളില്‍ മടങ്ങിയെത്താന്‍ അനുമതി ലഭിച്ച പ്രവാസികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. മടങ്ങിയെത്തുന്ന പ്രവാസികളില്‍ സ്വന്തമായി ഒഴിഞ്ഞു കിടക്കുന്ന വീടുള്ളവരുണ്ട്. ഇങ്ങനെ വീട്ടില്‍ ഒറ്റക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ വിധേയമായി പ്രസ്തുത വീടുകളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് അനുവദിക്കും. താമസിക്കാന്‍ അനുവാദം നല്കുന്നതിനു മുമ്പ് വാര്‍ഡ്തല ദ്രുതകര്‍മസേന കെട്ടിടം പരിശോധിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയതായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പാക്കണം.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ താല്പര്യമുള്ള പ്രവാസികള്‍ നാട്ടിലെത്തുന്നതിന് ഒരു ദിവസം മുമ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നേരിട്ടോ 9895812073, 9446967710 നമ്പറിലോ അറിയിക്കണം. രജിസ്ട്രേഷന് വിവരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ട്രോള് റൂമില്‍ നിന്നും വാര്‍ഡ്തല ദ്രുതകര്‍മ സേനക്ക് കൈമാറും. വാര്‍ഡ്തല ദ്രുതകര്‍മ സേനയുടെ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമേ അനുമതി ലഭിക്കൂ.
ദ്രുതകര്‍മസേന വീട് പരിശോധിച്ച് നിരീക്ഷണത്തില്‍ കഴിയാന്‍ യോഗ്യമാണോ എന്നുറപ്പാക്കുകയും വിവരം കോവിഡ് 19 ജാഗ്രത ആപ്പില്‍ ചേര്‍ക്കുകയും വേണം. നിര്‍ദ്ദിഷ്ട വീട് മറ്റാരും താമസമില്ലാത്തതായിരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവരല്ലാതെ മറ്റാരും വീട്ടില്‍ പ്രവേശിക്കരുത്. താമസത്തിന് മുമ്പ് വീട് ശുചീകരിച്ച് അണുവിമുക്തമാക്കണം. കോവിഡ് പ്രതിരോധത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: