കോഴിക്കോട്: പരീക്ഷ പരീക്ഷണമാകരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഇന്നലെ എസ്എസ്എല്‍സി, വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാ നെത്തിയത്. പരീക്ഷയെ അഭിമുഖീകരിക്കുന്നതിനെക്കാള് മാനസിക സംഘര്‍ഷമാണ് ചിലര്‍ക്കെങ്കിലും പരീക്ഷയ്ക്ക് മുന്നെയുള്ള പരിശോധനകളും നടപടികളും കണ്ടതിനെ തുടര്‍ന്നുണ്ടായത്. കൈകോര്‍ത്ത് പിടിച്ചും തോളില്‍ കയ്യിട്ടും സ്കൂള്‍ മുറ്റത്തും വരാന്തയിലും നടന്നവര്‍ ഇന്നലെ നടന്നത് അകലം പാലിച്ചായിരുന്നു. ഇതെല്ലാം കണ്ട് പലര്‍ക്കും അല്പം വിഷമം തോന്നിയെങ്കിലും ഒരു പരീക്ഷ കൂടി കഴിഞ്ഞല്ലോ എന്ന ആശ്വാസത്തോടെയാണ് അവരും സ്കൂളിന്റെ പടിയിറങ്ങിയത്.
കനത്ത ജാഗ്രതയിലാണ് ഇന്നലെ എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നടന്നത്. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷ. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ്, വെള്ളം എന്നിവ ഓരോ സ്കൂള്‍ പ്രവേശന കവാടത്തിലും ഉറപ്പാക്കിയിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്കൂള്‍ പ്രവേശന കവാടത്തില്‍ വെച്ച് തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് കടത്തിവിട്ടത്. മാസ്ക് ലഭിക്കാതിരുന്ന കുട്ടികള്‍ക്ക് മാസ്ക്കും നല്കി. ക്ലാസ് മുറികളിലേക്ക് കയറുന്നതിന് മുമ്പ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ സാനിറ്റൈസര്‍ നല്കി കൈകള്‍ അണുവിമുക്തമാക്കി. സാമൂഹിക അകലം പാലിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇരിപ്പിടം ഒരുക്കിയത്. ഇതുപ്രകാരം ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ത്ഥികളെ വീതമാണ് ഇരുത്തിയത്. ഒരു പരീക്ഷ കഴിഞ്ഞ് ഓരോ വിദ്യാര്‍ത്ഥികളെ വീതമാണ് പുറത്തേക്ക് വിട്ടത്. കൈയ്യുറയും മാസ്ക്കും ധരിച്ചാണ് അദ്ധ്യാപകര്‍ പരീക്ഷാ ഹാളുകളില്‍ എത്തിയത്.
വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ എത്തിക്കാനായി പല സ്കൂളുകളിലും വാഹന സൗകര്യം ഒരുക്കിയിരുന്നു. ഇത് കൂടാതെ രക്ഷിതാക്കള്‍ക്കൊപ്പവും മറ്റു സ്വകാര്യ വാഹനങ്ങളിലുമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി എത്തിയത്. രക്ഷിതാക്കള്‍ക്ക് സ്കൂള്‍ കോമ്പൗണ്ടിനകത്തേക്ക് പ്രവേശനം ഇല്ലായിരുന്നു. സ്കൂളിന് പുറത്ത് ഇവര്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളും എടുത്തിരുന്നു.
രാവിലെ വിഎച്ച്എസ്ഇ പരീക്ഷയാണ് നടന്നത്. 28 കേന്ദ്രങ്ങളിലായി 5111 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു എസ്എസ്എല്‍സി പരീക്ഷ. 197 കേന്ദ്രങ്ങളിലായി 44,555 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. കോവിഡ് – 19 പശ്ചാത്തലത്തില്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് പരീക്ഷാ സെന്റര്‍ മാറ്റുന്നതു പ്രകാരം 249 പേര് മറ്റു ജില്ലകളിലും 156 പേര് മറ്റു ജില്ലകളില്‍നിന്ന് ഇവിടെയും പരീക്ഷയെഴുതി. പ്ലസ്ടു പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. 45,847 പ്ലസ് വണ്‍ വിദ്യാര്‍ഥികളും 46,545 പ്ലസ്ടു വിദ്യാര്‍ത്ഥികളുമാണുള്ളത്. 179 കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: