കോഴിക്കോട്: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നതായി വ്യാപക പരാതി. ബസുകളില്‍ അണുനശീകരണം നടത്താതെയാണ് ജില്ലയിലെ മിക്ക കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസുകള്‍ നടത്തുന്നത്.
ജില്ല അതിര്‍ത്തിവരെ വൈകിട്ട് ഏഴുവരെയാണ് സര്‍വ്വീസ്. അഞ്ച് യൂണിറ്റുകളില്‍ നിന്നായി 57 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ഇരുപതും താമരശ്ശേരിയില്‍ നിന്ന് 16ഉം വടകരയില്‍ നിന്ന് 10ഉം തിരുവമ്പാടി, തൊട്ടില്‍പാലം എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വീതവും ബസുകളാണ് നിലവില്‍ ഓടുന്നത്. ഈ ബസുകളെല്ലാം തുടക്കത്തില്‍ ഫയര്‍ഫോഴ്സ് അണുനശീകരണം നടത്തിയെന്നല്ലാതെ പിന്നീട് കാര്യമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല.
നിത്യേന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്രയും അലംഭാവ സമീപനം കെഎസ്ആര്‍ടിസി അധികൃതരില്‍ നിന്നും ഉണ്ടാവുന്നത്. മാത്രവുമല്ല
കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആവശ്യത്തിന് മാസ്ക്കുകളോ കയ്യുറകളോ സാനിറ്റൈസറോ കെഎസ്ആര്‍ടിസി നല്‍കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. നിരന്തരം ആവശ്യപ്പെട്ടാല്‍ മാത്രമാണ് ഒരു മാസ്ക്കെങ്കിലും ലഭിക്കുക. സന്നദ്ധസംഘടനകള്‍ നല്കിയ മാസ്കുകളാണ് ജീവനക്കാര്‍ ധരിക്കുന്നത്. കുറച്ച് കാലം നിര്‍ത്തിയിട്ടതിനാല്‍ ഓട്ടം കഴിഞ്ഞ് വരുന്ന മിക്ക വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിക്കുന്നുണ്ട്. രാത്രി സമയങ്ങളില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍ ജോലിയെടുത്താണ് പിറ്റേന്ന് രാവിലത്തെ ഓട്ടത്തിന് ബസുകള്‍ സജ്ജമാക്കുന്നത്. മിക്ക റൂട്ടുകളിലും യാത്രക്കാര്‍ കുറവായിരുന്നു. കോവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ച് 30 പേരെ വരെയാണ് ഒരു ബസില്‍ യാത്രചെയ്യാന്‍ അനുവദിക്കുന്നത്. കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത് മുക്കം ഉള്‍പ്പെടെ മലയോര മേഖലയിലെ യാത്രക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആശ്വാസമായത്. വരുംദിവസങ്ങളില്‍ കുറച്ച് ബസുകള്‍ കൂടി ഓടിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: