പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍, ക്ഷേത്രങ്ങളില്‍ കിടക്കുന്ന ആയിരക്കണക്കിന് നിലവിളക്കുകള്‍ക്കും ഓട്ടുപാത്രങ്ങള്‍ക്കും പുറമേ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണവും എടുക്കുന്നു. അമൂല്യമായ, പുരാവസ്തുക്കളെന്ന് കരുതപ്പെടുന്ന, ആഭരണങ്ങള്‍ ഉരുക്കി സ്വര്‍ണ്ണക്കട്ടികളാക്കി ആര്‍ബിഐക്ക് നല്‍കാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആദ്യമായാണ് സ്വര്‍ണ്ണത്തില്‍ കൈവയ്‌ക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സമിതിയെ ദേവസ്വംബോര്‍ഡ് നിയോഗിച്ചിരുന്നു. സ്‌ട്രോംഗ് റൂമുകളിലുള്ള സ്വര്‍ണ്ണം കട്ടികളാക്കി ആര്‍ബിഐക്ക് നല്‍കിയാല്‍ പലിശ ലഭിക്കുമെന്നാണ് സമതിയുടെ ശുപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങളായി ഭക്തര്‍ സമര്‍പ്പിച്ച അമൂല്യങ്ങളായ സ്വത്തുകള്‍ ഉരുക്കുന്നത്. രാജാക്കന്മാരടക്കം നടയ്‌ക്കുവച്ച ചരിത്രപ്രാധാന്യമുള്ള വസ്തുക്കളാണ് ഇതുവഴി നഷ്ടമാക്കുന്നത്.
അമൂല്യങ്ങളായ രത്‌നങ്ങള്‍ പതിച്ചതടക്കമുളള ആഭരണങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളുടെ ശേഖരത്തില്‍ ഉണ്ടെന്നാണ് വിവരം. ആചാരപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലാത്തത് എന്നുപറയുമ്പോഴും തിരുവാഭരണങ്ങളും കീരീടങ്ങളും കാലപ്പഴക്കംകൊണ്ടുതന്നെ അമൂല്യങ്ങളായി മാറിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, അഞ്ചുപവന്റെ ആഭരണത്തിന്റെ വിപണിമൂല്യം ഇന്നത്തെ അഞ്ചുപവന്റേതാവില്ലെന്ന് പുരാവസ്തുവിദഗ്‌ദ്ധര്‍ പറയുന്നു. പ്രാചീന ക്ഷേത്രങ്ങളുടെ സ്വര്‍ണ്ണശേഖരത്തില്‍ അമൂല്യമായ പലതുമുണ്ടെന്നും ഇവ ഉരുക്കി സ്വര്‍ണ്ണക്കട്ടികളാകുമ്പോള്‍ വലിയനഷ്ടമാണ് ഉണ്ടാകുന്നതെന്നും പുരാവസ്തുവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ക്ഷേത്രങ്ങളില്‍ വില്ക്കാന്‍ തയ്യാറാക്കിയ സ്വര്‍ണ്ണവും നിലവിളക്കുകളും ഓട്ടുപാത്രങ്ങളും പുരാവസ്തു വിദഗ്ധര്‍ പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അമൂല്യമായവ കണ്ടെത്തി അത് ക്ഷേത്രങ്ങളില്‍ തന്നെ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. പ്രധാന ക്ഷേത്രങ്ങളോട് അനുബന്ധിച്ച് മ്യൂസിയം സ്ഥാപിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: