വികസനം എക്കാലത്തും പൊതുജന പങ്കാളിത്തത്തോടെ മാത്രമേ സാധ്യമാവുകയുള്ളൂ. പൊതുമേഖലയിലെ മത്സരക്ഷമത വര്‍ദ്ധിപ്പിച്ച് ഉല്പാദനത്തിന് വഴി തുറക്കാന്‍ വേണ്ടിയാണ് സ്വകാര്യവത്കരണ നടപടികള്‍. ലാഭം കുറഞ്ഞ മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് പ്രേരിപ്പിക്കുന്നതുമായിരിക്കണം സര്‍ക്കാര്‍ നയം. സാമ്പത്തിക നയങ്ങളിലെ വന്‍മാറ്റത്തിന്റെ ഫലമായി ഇന്ത്യയിലേക്കുള്ള മൂലധന നിക്ഷേപ പ്രവാഹത്തിന്റെ കാര്യത്തില്‍ ഏറെ വര്‍ധനവുണ്ടായി. ഏറ്റവും കുറവ് നിക്ഷേപങ്ങള്‍ എത്തപ്പെട്ടത് കേരളത്തിലാണ്. അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്ന മുന്‍നിര സംസ്ഥാനങ്ങള്‍ക്കൊപ്പം േകരളത്തിന് എത്താനായില്ല. എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ കാര്യത്തിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം വളരെ പിന്നിലാണ്. എല്ലാത്തിനും പൊതുമേഖല എന്ന ആശയം ഈ കാലഘട്ടത്തിനു ചേര്‍ന്നതല്ല. അതിനു വേണ്ട സാമ്പത്തികശേഷി സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ ഇല്ല. സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്ന നയമാണ് നമ്മള് പഠിപ്പിക്കേണ്ടത്. അതിനുതകുന്ന തൊഴില്‍ അന്തരീക്ഷവും വ്യവസായ കാലാവസ്ഥയും സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്വകാര്യവത്കരണം എന്നത് വൈദേശികമല്ല. പബ്ളിക് പ്രൈവറ്റ് പാര്‍ട്ട്നര്‍ഷിപ്പ്(പിപിപി) അഥവാ പൊതു-സ്വകാര്യ പങ്കാളിത്തവും വൈദേശികമല്ല, സ്വദേശീയം തന്നെയാണ്. മാനവവിഭവശേഷിയുടെയും മൂലധനത്തിന്റെയും സാങ്കേതിസങ്കേതത്തിന്റെയും സമാഹരണവും വിതരണവുമാണ് സ്വകാര്യവത്കരണം ലക്ഷ്യമിടുന്നത്. ഇതുവഴി കാര്യക്ഷമത വര്‍ധിപ്പിച്ച് നമുക്ക് ഒരു ക്ഷേമരാഷ്ട്രം ഉണ്ടാക്കാം. ഉടമസ്ഥാവകാശ സ്വഭാവ പ്രകാരം ഇന്ത്യന്‍ കമ്പനികളെ നാലായി തിരിക്കാം. 1. പൊതുമേഖല 2. സ്വകാര്യ മേഖല 3. സംയുക്ത മേഖല 4. സഹകരണമേഖല.
അമ്പത് ശതമാനമോ അതില്‍ മുകളിലോ സംസ്ഥാനമോ കേന്ദ്രമോ ഓഹരി കൈവശം വയ്ക്കുന്നവയാണ്് പൊതുമേഖലാ കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് മുതല്‍ കെഎസ്ആര്‍ടിസി വരെയുള്ള സ്ഥാപനങ്ങള്‍ പൊതുമേഖലയാണ്. സ്വാഭാവികമായും ഭൂരിപക്ഷം ഉടമസ്ഥാവകാശം സ്വകാര്യമേഖലയില്‍ ആണെങ്കില്‍ സ്വകാര്യകമ്പനികള്‍ എന്നും വിളിക്കാം. ടാറ്റാ, ഇന്‍ഫോസിസ് തുടങ്ങി കിംഗ്ഫിഷര്‍ വരെയുള്ളവ സ്വകാര്യമേഖലയിലാണ്. പുതിയ കാലഘട്ടത്തിലെ സംരംഭങ്ങളുടെ സ്വഭാവമാണ് പബ്ളിക് പ്രൈവറ്റ് പാ
ര്ട്ട്നര്ഷിപ്പ്(പിപിപി) അഥവാ പൊതു-സ്വകാര്യ പങ്കാളിത്തം. ഇതൊരു സംയുക്ത സംരംഭമാണ്. കാര്യമായ ഓഹരി പങ്കാളിത്തം സര്‍ക്കാരിന് ഉണ്ടാകും സിയാല്‍, താജ് മലബാര്‍ ഇന്നിവ ഉദാഹരണം. ഇന്ത്യയുടെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും സവിശേഷവുമായതാണ് സഹകരണ മേഖല. അമൂല്‍, ഐഎഫ്എഫ്സി, മില്‍മ തുടങ്ങി യുഎല്‍സിസി വരെയുള്ള സഹകരണമേഖല ഭാരതത്തിലെ സമസ്ത മേഖലകളിലും ഇപ്പോള്‍ സജീവമായി ഇടപെടുന്നു.
ഇന്ത്യയിലെ സ്വകാര്യവത്കരണം മൂന്ന് തരത്തിലാണ്. ഒന്ന് പ്രത്യേക അതിനൂതന സാങ്കേതിക മേഖലകളില്‍ സ്വകാര്യ മൂലധനം അനുവദിക്കുക എന്നതാണ്. ഉദാഹരണം റേഡിയോ ഐസോടോപ്പുകളുടെ വികിരണ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങളുടെ ദീര്‍ഘകാല സൂക്ഷിപ്പ്. ഈ മേഖല പൂര്‍ണമായും ആണവ മേഖലയാണ്. ഭാരതത്തില്‍ ഇതുവരെ സ്വകാര്യമേഖലയ്ക്ക് അപ്രാപ്യമായിരുന്നു ആണവ മേഖല. എന്നാല്‍ കേന്ദ്രം കൊറോണ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സ്വകാര്യവത്കരണ നയത്തോടുകൂടി ഈ മേഖല സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുകയും അവ കാര്‍ഷിക ഭാരതത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നു. ദീര്‍ഘകാലം പഴങ്ങളും ധാന്യങ്ങളും കേടുകൂടാതെ സൂക്ഷിക്കുക വഴി ഒരേ സമയം തന്നെ ഉല്പാദകര്ക്കും ഉപഭോക്താവിനും വില സ്ഥിരത ഉണ്ടാകുന്നു.
രണ്ടാം തരത്തിലുള്ള സ്വകാര്യവത്കരണം പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവത്കരണമാണ്. പ്രകൃതി വിഭവങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. അവ ഭാവിയിലേക്ക് പരിരക്ഷിക്കപ്പെടേണ്ടതും പരിസ്ഥിതി സന്തുലിതവും ആയിരിക്കണം. കല്‍ക്കരിപ്പാടങ്ങളുടെ സ്വകാര്യവത്കരണ വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്ന മാതൃകാപരമായ നയമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അരിയും, ഗോതമ്പും, പച്ചക്കറികളും, വളവും തൊഴിലും ഉണ്ടാക്കാന്‍ രാജ്യത്ത് വൈദ്യുത ഊര്‍ജ്ജം അത്യാവശ്യമാണ്. രാജ്യത്തെ 70 ശതമാനം വൈദ്യുതി ഉത്പാദനവും കല്‍ക്കരി അധിഷ്ഠിതമായാണ്. ഈ മേഖലയില്‍ ഭാരതത്തിന്റെ ആവശ്യം നിറവേറ്റാന്‍ കോള്‍ ഇന്ത്യയെന്ന പൊതുമേഖല കമ്പനി വിചാരിച്ചാല്‍ സാധ്യമാവില്ല. ഊര്‍ജ്ജ സ്രോതസ്സുകളില്‍ വര്‍ദ്ധന ഉണ്ടാകുന്നത് രാജ്യത്തിന്റെ സമസ്തമേഖലയിലും വളര്‍ച്ചക്ക് കാരണമാകും. മൂന്നാമതായുള്ള സ്വകാര്യവത്കരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലാണ്. മത്സരാധിഷ്ഠിതമായ ലോക കമ്പോള വ്യവസ്ഥയില്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഉപഭോക്താവിനെ സംതൃപ്തപെടുത്തുന്ന വിധം വിതരണം ചെയ്യണം. ഓഹരി വില്‍പ്പന വഴി കമ്പനികളുടെ മാനേജ്മെന്റില്‍ ഉണ്ടാവുന്ന പരിഷ്കാരങ്ങള്‍ ആ സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. അതിനുദാഹരണമാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ്.
സ്വകാര്യവത്കരണത്തിന്റെ മേന്മകള്
ഭാരതത്തിലെ സ്വകാര്യവല്‍ക്കരണത്തിന്റെ നാള്‍വഴിയില്‍ വഴിത്തിരിവായതു ഗാട്ട് കരാര്‍ ആണ്. ലോകത്തിന്റെ വിശ്രുതമായ ഭൂവിഭാഗം ഒരൊറ്റ വിപണിയായി. മൂലധനവും പ്രയത്നവും സ്വതന്ത്രമായി വിനിമയം ചെയ്യപ്പെട്ടു. ആഭ്യന്തര വിപണിമേല് സര്‍ക്കാരിന് ഉണ്ടായിരുന്ന പൂര്‍ണമായ സ്വാതന്ത്ര്യവും ആധിപത്യവും വഴിമാറി. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്വകാര്യ മേഖലയ്ക്കും സ്വകാര്യ മൂലധന വളര്‍ച്ചയ്ക്കും മുന്‍ഗണന നല്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്നുള്ളത്. സാമ്പത്തിക രംഗത്ത് മൂലധനം മുടക്കുന്നവര്‍ അതില്‍ നിന്നു നികുതി കഴിച്ച് ലഭിക്കുന്ന ലാഭം സ്വതന്ത്രമായി വിനിയോഗിക്കുന്നതിന് ഈ സാമ്പത്തിക വ്യവസ്ഥയില്‍ വ്യക്തിക്കും സ്ഥാപനത്തിനും സ്വാതന്ത്ര്യമുണ്ട്.
സ്വകാര്യ മേഖല നമ്മുടെ തൊഴില്‍ സംസ്കാരത്തിനും സമൂഹത്തില്‍ നല്കുന്ന പരോക്ഷ സേവനങ്ങള്‍ക്കും ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. കേരളത്തിലെ ടെക്നോപാര്‍ക്ക് ഉള്‍പ്പടെയുള്ള രാജ്യത്തെ ഐടി കമ്പനികളില്‍ വളരെ ഉയര്‍ന്ന തലത്തിലാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍, കാന്റീന്, ആരോഗ്യ കാര്യം, പ്രസവകാല സഹായങ്ങള്‍, ഗതാഗതം, കലാ സംസ്കാരികം, വിനോദങ്ങള്‍, ഓവര്‍ടൈം ആനുകൂല്യം എന്നിവ പരിശോധിച്ചാല്‍ വസ്തുത വ്യക്തമാകും.
സ്വകാര്യ പങ്കാളിത്തത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഭാഗമായി ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് പുതു തലമുറ ബാങ്കുകള്‍ വന്നതോടുകൂടി പരമ്പരാഗത ബാങ്കുകളും അടിമുടി ഉപഭോക്തൃ സൗഹൃദമായി. വ്യോമയാന മേഖലയില്‍ തിരക്കുള്ള മേഖലകളില്‍ സ്വകാര്യ വിമാനത്തിനും ഗതാഗത അനുമതി ലഭിച്ചു. ചെറുകിട നഗര പ്രദേശങ്ങളിലേക്ക് അവര്‍ വിമാനങ്ങളും നിര്‍ബന്ധമായി പറത്തേണ്ടി വന്നതോടുകൂടി ആഭ്യന്തര വിമാന വ്യോമയാന മേഖലയില്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജില്‍ വ്യോമയാന രംഗത്തെ ചില പരിഷ്കാരങ്ങള്‍ സൂചിപ്പിച്ചിരുന്നു. രാജ്യത്തെ ചില പ്രത്യേക ആകാശ മേഖലകളില്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് പറക്കല്‍ നിരോധനമുണ്ട്. അവയൊക്കെ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ്. കാലം മാറി തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്ക് അതിശക്തമായ റാഡാര്‍ ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങളുണ്ട്. അതിനാല്‍ ഇന്ന് അതുവഴി വിമാനം പറന്നാല്‍ പേടിക്കാനൊന്നുമില്ല.
സ്വകാര്യവത്കരണത്തിന്റെ മറ്റൊരു പ്രധാന മേഖല ധനകാര്യമന്ത്രി സൂചിപ്പിച്ചത് വൈദ്യുത വിതരണം മേഖലയാണ്. തൂണുകളും ടവറുകളും ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിച്ചു വൈദ്യുതി വിതരണം നടത്തുന്ന സഹകരണസംഘങ്ങളുടെ വിജയഗാഥകള്‍ അനവധിയുണ്ട്. റിലയന്‍സും ടാറ്റയും എസ്ആറും മാത്രമല്ല വൈദ്യുത വിതരണ രംഗത്തുള്ളത്. തൃശൂര്‍ കോര്‍പറേഷനും പതിനാലോളം സഹകരണ സംഘങ്ങളുമുണ്ട്. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉത്തര്‍പ്രദേശിലും വൈദ്യുതി വിതരണ മേഖലയില്‍ റസ്കോകള്‍ സേവനം നല്‍കുന്നുണ്ട്. റൂറല്‍ ഇലക്ട്രിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന തലത്തില്‍ അറിയപ്പെടുന്നവയെ ചുരുക്കി ‘റസ്കോ’ എന്നാണ് വിളിക്കാറ്. കുപ്പം റൂട്ട് ഇലക്ട്രിക് കോപ്പറേറ്റീവ് സൊസൈറ്റി, ആന്ധ്രയിലെ തന്നെ അനകപള്ളി റസ്കോ തുടങ്ങിയവ ഉദാഹരണങ്ങള്‍. 150 പഞ്ചായത്തുകളിലാണ് അനകപ്പള്ളി റെസ്കോവൈദ്യുതി വിതരണം നടത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കുറവ് പ്രസരണനഷ്ടം ഉള്ള വിതരണശൃംഖല അനകപള്ളിയുടെതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: