ബാലുശ്ശേരി: അരനൂറ്റാണ്ടായി സംഘപരിവാര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ ചുമതലകള്‍ സംസ്ഥാന തലം വരെ വഹിച്ചു പ്രവര്‍ത്തിച്ചു വരുന്ന സി.കെ.ബാലകൃഷ്ണന്റെ അകാലവും ആകസ്മികവുമായ ദേഹവിയോഗം അത്യന്തം വേദനാജനകമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സംഘടനക്കു വേണ്ടി അവിശ്രമം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അദ്ദേഹം സംഘടനാപാടവവും വ്യപകമായ വ്യക്തി ബന്ധവും കൈമുതലാക്കിയ പ്രവര്‍ത്തകനായിരുന്നു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലും കോഴിക്കോട് ജില്ലയിലും ഭാരതീയ ജനതാ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിച്ചവരില്‍ എടുത്തു പറയേണ്ട വ്യക്തിത്വമായിരുന്നു സി.കെ. എന്ന് അറിയപ്പെടുന്ന ബാലകൃഷ്ണന്.
ആരുടെ മുമ്പിലും സംഘടനയ്ക്കു വേണ്ടി ശക്തമായി പ്രതികരിക്കാനും മുഖം നോക്കാതെ കാര്യങ്ങള്‍ പറയാനും അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകമായിരുന്നു. അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ത്തീകരിക്കലാണ് നമ്മുടെ കര്‍ത്തവ്യം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ആഘാതം താങ്ങുവാനുള്ള കരുത്ത് സര്വ്വേശ്വരന് നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിന്റെ തീവ്രദുഃഖത്തില്‍ പങ്കുചേരുന്നു. സതീര്‍ത്ഥ്യനും സഹപ്രവര്‍ത്തകനുമായ സി.കെ. ബാലകൃഷ്ണന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു എന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: