കാസര്‍കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയിലെത്തുന്ന മറുനാടന്‍ മലയാളികളെ പാര്‍പ്പിക്കാന്‍ ആവശ്യത്തിന് ക്വാറന്റൈന് സെന്ററുകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടില്‍ വരാനുള്ള പാസ് നിരസിക്കപ്പെടുന്നു. മുംബൈ, ബെംഗളൂരു അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കപ്പെട്ട കാസര്‍കോട് നഗരത്തിലെയും സമീപ പഞ്ചാത്തിലെയും നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പാസ് നിഷേധിക്കപ്പെട്ടത്. ഇവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ ആവശ്യത്തിന് ക്വാറന്റൈന് സെന്ററുകള്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞാണിത്.
അതേസമയം പല വിധേനയും പാസ് സംഘടിപ്പിച്ചെത്തുന്നവരില് പലരെയും നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ഇന്നലെ രാത്രി മുംബൈയില്‍ നിന്ന് കാസര്‍കോട്ടെത്തിയ 19 പേരില്‍ ഒരാള്‍ ഒഴികെ 18 പേരും വീടുകളിലേക്ക് ചെന്നത് ആവശ്യത്തിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് സെന്ററുകളില്ലാത്തതിനാലാണെന്ന് ഇവര്‍ പറയുന്നു.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബസില്‍ 20 പേര് മുംബൈയില്‍ നിന്ന് കാസര്‍കോട്ട് എത്തിയത്. ഇതില്‍ ഒരാള്‍ തൃശൂര്‍ സ്വദേശിയാണ്. ബാക്കിയെല്ലാവരും കാസര്‍കോട് ജില്ലക്കാരും.
കൂട്ടത്തില്‍ തളങ്കര ഖാസിലേന്‍ സ്വദേശി മാത്രമാണ് പുതിയ ബസ്സ്റ്റാന്റില് ക്വാറന്റൈന് സെന്ററായി ഏറ്റെടുത്ത ഹോട്ടലില്‍ കഴിയുന്നുള്ളൂ. ബാക്കിയുള്ളവരില്‍ ചിലരെങ്കിലും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തയ്യാറായാണ് വന്നതെങ്കിലും സൗകര്യമില്ലാത്തതിനാല്‍ വീട്ടിലേക്ക് പോവുകയായിരുന്നുവത്രെ.
ക്വാറന്റൈന് സെന്ററുകളായേറ്റെടുത്ത നഗരത്തിലെ ലോഡ്ജുകളില്‍ പലതിലും അനര്‍ഹര്‍ താമസിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും പരാതികളുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നു. പെരുന്നാള്‍ ആയതിനാല്‍ അടുത്തിടെയായി മുംബൈ, ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് കാസര്‍കോട്ടുകാരായ പലരും നാട്ടിലെത്തുന്നുണ്ട്. കാഠിന്യമേറിയ വൈറസുള്ള പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: