ഇടുക്കി: കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന സാഹചര്യം വര്‍ദ്ധിക്കുന്നു. അന്തരീക്ഷ താപനില കൂടുന്നതിനെ തുടര്‍ന്നാണ് മാരക സംഹാര ശേഷിയുള്ള ചുഴലിക്കാറ്റായ സൂപ്പര്‍ സൈക്ലോണുകളും അതിതീവ്ര ചുഴലിക്കാറ്റുകളും രൂപമെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എട്ട് ചുഴലിക്കാറ്റുകള്‍ ഈ ഗണത്തിലുണ്ട്.
കാലാവസ്ഥാ നിരീക്ഷകരെ പോലും ആശ്ചര്യപ്പെടുത്തി വെറും 18 മണിക്കൂര്‍ കൊണ്ടാണ് ശനിയാഴ്ച രൂപമെടുത്ത ഉം പുന് ചുഴലിക്കാറ്റ് കാറ്റഗറി ഒന്നില്‍ നിന്ന് കാറ്റഗറി നാലിലെത്തിയത്. കാറ്റഗറി ഒന്നില്‍ നിന്ന് നാലാകാന്‍നെടുത്തത് വെറും 12 മണിക്കൂര്‍. ഇത്രവേഗത്തില്‍ സാധാരണ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാറില്ല. ഉം പുന് രൂപമെടുത്തപ്പോള്‍ 27 ഡിഗ്രി സെല്‍ഷ്യസായിരുന്ന ബംഗാള്‍ ഉള്‍ക്കടലിലെ താപനില പിന്നീട് 34 ഡിഗ്രി വരെയായി ഉയര്‍ന്നിരുന്നു.
അടുത്തക്കാലം വരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന പതിവുണ്ടായിരുന്നില്ലെന്ന് കാലവസ്ഥാ ഗവേഷകന് ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. ഫോനി, ഓഖി, മഹാ, ക്യാര്‍ (സൂപ്പര്‍ സൈക്ലോണ്‍) തുടങ്ങിയ പല ചുഴലിക്കാറ്റുകളും ശക്തി പ്രാപിച്ചതിന് കാരണം വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ താപനിലയും കടല്‍ ചൂടുപിടിക്കുന്നതുമാണ്. വരുംനാളുകളില്‍ ഇത്തരത്തില്‍ രൂപം പ്രാപിക്കുന്ന ചുഴലിക്കാറ്റുകള്‍ അതി ശക്തമാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് വേണം മുന്‍കരുതലെടുക്കേണ്ടതെന്നും ഗോപകുമാര്‍ പറഞ്ഞു.
അറബിക്കടലില്‍ വളരെ ചുരുക്കം ചുഴലിക്കാറ്റുകളാണ് മുമ്പുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇരട്ട ചുഴലിക്കാറ്റുകള്‍ വരെ ഒരേ സമയമുണ്ടായി. ശാന്തമായിരുന്ന അറബിക്കടല്‍ ചുഴലിക്കാറ്റുകളുടെ സീസണില്‍ രൗദ്ര ഭാവമെടുക്കുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇന്ത്യയില്‍ ചുഴലിക്കാറ്റുകളുടെ സീസണ്. നിലവില്‍ വേനല്‍ക്കാലത്തും ഇവ കണ്ടുവരുന്നുണ്ട്. മഴക്കാലത്ത് അപൂര്‍വമായേ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളവും സുരക്ഷിതമല്ല
കേരളത്തെ മുന്‍കാലങ്ങളിലൊന്നും ചുഴലിക്കാറ്റുകള്‍ നേരിട്ട് സ്പര്‍ശിച്ചിട്ടില്ല. എന്നാല്‍, 2017ലുണ്ടായ ഓഖി നല്‍കുന്നത് വലിയൊരു പാഠമാണ്. കേരളത്തിന് മുകളിലൂടെ കടന്നുപോയപ്പോള്‍ തന്നെയുണ്ടായ നാശം വളരെ വലുതാണ്. വരുംനാളുകളില്‍ കേരളത്തിലേക്ക് നേരിട്ടോ പരോക്ഷമായോ ചുഴലിക്കാറ്റുകളെത്താനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ട് വേണം മുന്‍കരുതലുകളെടുക്കാനെന്ന് കാലാവസ്ഥ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: