കോഴിക്കോട്: കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണബാങ്കിന്റെ ഭൂമി ഇടപാടിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി. ഭൂമി വാങ്ങിയതില്‍ സിപിഎം നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതി പുറത്തായ സാഹചര്യത്തില്‍ ബാങ്ക് ഡയറക്ടമാര്ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. ബാങ്കിന്റെ കരുവിശ്ശേരിയിലെ ഹെഡ് ഓഫീസ്സിന് മുന്നിലും വെസ്റ്റ്ഹില്‍ ബ്രാഞ്ചിന് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
ഹെഡ് ഓഫീസിന് മുന്നില്‍ ബിജെപി നോര്‍ത്ത് മണ്ഡലം കമ്മറ്റി നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി പി. രഘുനാഥും കാരപ്പറമ്പ് ഏരിയ കമ്മറ്റി വെസ്റ്റ്ഹില്‍ ബ്രാഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവനും ഉദ്ഘാടനം ചെയ്തു.
ബാങ്കിന്റെ പേരില്‍ നടന്ന ഭൂമി ഇടപാടില്‍ കോടികള്‍ തട്ടിയ നേതാക്കളെയും ഭരണസമിതിയെയും സിപിഎം ജില്ലാ കമ്മറ്റി സംരക്ഷിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന സഹകരണ വകുപ്പ് ഉന്നതതല അന്വേഷണം നടത്തണം. പാര്‍ട്ടി അന്വേഷണമല്ല വേണ്ടത് മറിച്ച് ജനങ്ങളുടെ പണം തട്ടിപ്പറിച്ചെടുക്കുന്നവര്ക്കെതിരെ നിയമ നടപടിയാണ്. സഹകരണബാങ്കുകള്‍ കേന്ദ്രീകരിച്ച് സിപിഎം നേതാക്കള്‍ നടത്തുന്ന അഴിമതികള്‍ ഓരോന്നായി പുറത്തു വരികയാണ്. പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാനുളള ഉപകരണമായി സഹകരണബാങ്കുകളെ ഉപയോഗപ്പെടുത്തുന്നത് ഗൗരവമായ വിഷയമാണെന്നും നേതാക്കള്‍ പറഞ്ഞു.
ഹെഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷനായി. കെ. ശ്രീകുമാര്‍, എന്‍.ടി. അശോകന്, സുധീഷ്, സോമസുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്കി. കാരപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ ബ്രാഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണയ്ക്ക് സംസ്ഥാന കൗണ്‍സില്‍ അംഗം പി. രമണിഭായി, കെ. ഷൈബു, എന്‍. ശിവപ്രസാദ്, പ്രവീണ്‍ തളിയില്‍, എന്‍. ജഗന്നാഥന്, ബിജുകുറുപ്പ്, വാക്കടവത്ത് സന്തോഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
സ്ഥലത്തിന് വിലകൂട്ടി കാണിച്ച് രജിസ്ട്രേഷന് നടത്തി ഇടനിലക്കാര്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് സിപിഎം ജില്ലാകമ്മറ്റി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: