കോഴിക്കോട്: ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ ബ്രേക്ക് ദ ചെയിന്‍ പലയിടത്തും നിശ്ചലമായി. ഇതിന്റെ ഭാഗമായി നാടിന്റെ മുക്കിലും മൂലയിലുമെല്ലാം സ്ഥാപിച്ച കൈ കഴുകല്‍ കേന്ദ്രങ്ങള്‍ മിക്കയിടത്തും നോക്കു കുത്തിയായി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പോലീസടക്കമുള്ള വിവിധ വകുപ്പുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് കൈ കഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. കൊറോണ വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതു മുതല്‍ പ്രതിരോധ പ്രവര്‍ത്തനമായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ബ്രേക്ക് ദ ചെയിന്‍. കോവിഡ് ബോധവല്‍ക്കരണവും കൈകഴുകല്‍ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടിയായിരുന്നു ബ്രേക്ക് ദ ചെയിന്‍.
ജനങ്ങള്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സാനിറ്റൈസറും ഹാന്റ്വാഷും സജ്ജീകരിച്ചുള്ള കൈ കഴുകല്‍ കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞ സമയത്തില്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ചു. ഓരോ സംഘടനകളും ബ്രേക്ക് ദ ചെയിന്‍ ചാലഞ്ച് ഏറ്റെടുത്തതോടെ കടകളിലും ബസ് സ്റ്റോപ്പുകളിലും നിരത്തുവക്കിലും അങ്ങാടികളിലുമെല്ലാം കൈകഴുകല്‍ കേന്ദ്രങ്ങള്‍ വന്നു. ബോധവല്‍ക്കരണവുമായി പോലീസിന്റെയും കലാകാരന്മാരുടെയും വീഡിയോകള്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ലോക്ഡൗണ്‍ നാലാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് പലയിടത്തും നിലച്ച പോലയായി. കൈ കഴുകലിന്റെ അനിവാര്യത എല്ലാവരും മറന്ന പോലെയായി. കൈകഴുകല്‍ കേന്ദ്രങ്ങളില്‍ വെള്ളവും സാനിറ്റൈസറും ഹാന്റ് വാഷും ഇല്ലാതായി.
ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലാണിപ്പോള്‍. കട കമ്പോളങ്ങള്‍ മിക്കതും തുറന്നു. മിക്ക കടകളിലും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെങ്കിലും സാനിറ്റൈസറോ, ഹാന്‍ഡ് വാഷോ കാണുന്നില്ലെന്ന് മാത്രം. ജനം സാധാരണ പോലെ ഇടപെടുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദ ചാലഞ്ച് വീണ്ടും കാര്യക്ഷമമാക്കി ജാഗ്രത ശക്തമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: