ന്യൂദല്‍ഹി: ചരിത്രം കുറിച്ച, ലോകത്തിന് മാതൃകയായ ആയുഷ്മാന്‍ ഭാരതിന് ഒരു കോടി പുണ്യം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി ജന ആരോഗ്യ യോജന (ആയുഷ്മാന്‍ ഭാരത്) യുടെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നു.
മേഘാലയ സ്വദേശിയായ സൈനികന്റെ ഭാര്യ പൂജ ഥാപ്പയുടെ ശസ്ത്രക്രിയയിലൂടെയാണ് ഒരു കോടി തികച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം പൂജയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു.
ശസ്ത്രക്രിയയുടെയും മരുന്നിന്റെയും മുഴുവന്‍ ചെലവുകളും വഹിക്കുന്ന ഇത്തരത്തിലൊരു പദ്ധതി ആവിഷകരിച്ചതിന് പൂജ നന്ദിയറിയിച്ചു. പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. തന്റെ എല്ലാ യാത്രകളിലും ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളെ നേരില്‍ കാണാറുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു. എന്നാല്‍, ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് പൂജയുമായി ഫോണില്‍ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞതില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു.
”രണ്ട് വര്‍ഷത്തിനിടെ ഈ പദ്ധതി നിരവധിപ്പേരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിവച്ചു. ആയുഷ്മാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റുള്ളവരുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഇവരുടെ പരിശ്രമങ്ങള്‍ ഇതിനെ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാക്കി മാറ്റി. ഈ പദ്ധതി രാജ്യത്തെ നിരവധി പേരുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടേയും ആലംബഹീനരുടേയും വിശ്വാസം പിടിച്ചുപറ്റി”
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: