തിരുവല്ല: കന്യാസ്ത്രീ വിദ്യാർത്ഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉന്നതങ്ങളിൽ നിന്ന് കൂടുതൽ ഇടപെടൽ നടന്നെന്ന് ആക്ഷേപം. പ്രമുഖ സഭയിലെ ഇടുക്കി രൂപതയിലുള്ള ബിഷപ്പും അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്വാധീനിച്ചിട്ടുള്ളതായാണ് സൂചന. ഇദ്ദേഹം ജില്ലാ പോലീസിലെ ഉന്നതന്റെ സ്വന്തം ജ്യേഷ്ടനാണ്.
മലങ്കര കത്തോലിക്ക സഭയുമായി അടുത്ത് ബന്ധമുള്ള മുൻ ഡിജിപിയും പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ മാനേജിങ് തലവനുമായ വ്യക്തിയുടെ ഇടപെടൽ ഇന്നലെ ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ സഭയിലെ ബിഷപ്പിന്റെ ഇടപെടലുകളും പോലീസ് അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുള്ളത്. ഇദ്ദേഹം സാക്ഷിമൊഴികളിലടക്കം സ്വാധീനിച്ചിട്ടുണ്ട്. പാലിയേക്കര ബസിലിയൻ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാംവർഷ വിദ്യാർഥിനിയായിരുന്ന മരിച്ച ദിവ്യ പി. ജോണിന്റെ അടുത്ത ബന്ധുവും രാഷ്ട്രീയ പ്രവർത്തകനുമായ വ്യക്തിവഴിയും ഇദ്ദേഹം ഇടപെട്ട് കേസ് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമം നടത്തുന്നു.
ആദ്യഘട്ടം ബന്ധുക്കളിൽ ചിലർ സാമൂഹ്യ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണം നടത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ നിലപാടുമാറ്റത്തിന് ബന്ധുക്കളെ നിർബന്ധിച്ചതും ഈ വൈദിക പ്രമുഖനാണ്. മരിച്ച ദിവ്യയുടെ സംസ്കാരമടക്കമുള്ള കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചതും ഇദ്ദേഹം നിശ്ചയിക്കപ്പെട്ടയാളാണ്. തുടക്കം മുതൽ സംഭവത്തിൽ ദുരൂഹത പറഞ്ഞിരുന്നെങ്കിലും ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉന്നതർ സ്ഥലത്ത് എത്താൻ ഒരു ദിവസം എടുത്തതും കേസിനെ സാരമായി ബാധിച്ചിട്ടുണ്ട്.
മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പലമെത്രാന്മാരുമായി അടുത്തബന്ധമുള്ള ബിഷപ്പിന്റെ ഇടപെടലുകളും അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ പുഷ്പഗിരി മെഡിക്കൽ കോളേജിലെ തന്നെ ഉന്നത ചുമതലയിലിരിക്കുന്ന റിട്ട. എസ്.പിയും കേസിന്റെ തിരക്കഥകൾക്ക് കോപ്പുകൂട്ടിയിട്ടുണ്ട്. കേസിൽ ക്രൈബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഉടൻ ഐജിക്ക് കൈമാറും.
കേസിൽ ഉന്നത ഇടപെടൽ: ജോമോൻ പുത്തൻ പുരയ്ക്കൽ
ദിവ്യ പി. ജോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ ഉന്നത ഇടപെടൽ നടക്കുന്നതായി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കൽ. തുടക്കം മുതൽ കേസ് വഴിതിരിക്കാനുള്ള ശ്രമമാണ് ലോക്കൽ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
അതിനാലാണ് വിഷയത്തിൽ ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിനൽകിയത്. കേസ് ആത്മഹത്യയാക്കിമാറ്റാനുള്ള തത്രപാടിലാണ് പോലീസ്. സംഭവത്തിൽ നീതിതേടി എതറ്റംവരെയും പോകുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: