മൂന്നരക്കോടി ജനസംഖ്യമാത്രമാണ് കേരളത്തിലുള്ളത്. ഇന്ത്യാമഹാരാജ്യത്തിന്റെ ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാല്‍ വളരെ ചെറിയ സംഖ്യ. കാല് പണത്തിന്റെ പൂച്ചയ്ക്ക് മുക്കാല്‍ പണത്തിന്റെ പാലെന്ന പോലെയാണ് കേരളത്തിന്റെ മദ്യവില്‍പ്പനയുടെ അളവ്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധമാണ് ഇവിടത്തെ മദ്യ ഉപഭോഗം. മദ്യമില്ലാത്ത ചടങ്ങുകള്‍ ഇല്ലാതായിരിക്കുന്നു. മരിച്ചാലും ജനിച്ചാലും മദ്യം ഒഴിച്ചുകൂടെന്നായിക്കഴിഞ്ഞു. കോവിഡിന്റെ ഭീഷണിയെ തുടര്‍ന്നള്ള ലോക്ഡൗണ്‍ മൂലം രണ്ടുമാസത്തോളം മദ്യമില്ലാതെ എങ്ങനെ പിടിച്ചുനിന്നു എന്നാണ് പലരുടെയും ചിന്ത. കള്ളുഷാപ്പുകളും ബാറുകളും മദ്യവില്‍പ്പനയും ഇല്ലെങ്കില്‍ സംസ്ഥാനത്ത് വ്യാജമദ്യം കൂടുമെന്നും തുടര്‍ന്ന് ദുരന്തങ്ങള്‍ തന്നെ സംഭവിക്കുമെന്നും ആയിരുന്നു സര്‍ക്കാര്‍ ഭാഷ്യം. മദ്യം ലഭിക്കാഞ്ഞാലുണ്ടാകുന്ന വെപ്രാളവും തുടര്‍ന്നുള്ള ആത്മഹത്യകളും പെരുകുമെന്നും ഭയപ്പെട്ടിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതൊന്നും ഉണ്ടായില്ല. ഇതുമൂലം മരണപ്പെട്ടതു വിരലിലെണ്ണാവുന്നവര്‍ മാത്രം. മദ്യം ലഭിച്ചാലും ഇത്രയൊക്കെ മരണപ്പെടുന്നത് സ്വാഭാവികം.
ലോക്ഡൗണ്‍ നിലനില്‍ക്കെത്തന്നെ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇനി കാത്തിരിക്കുന്നത് വിദേശമദ്യ വില്പനയാണ്. അത് വളരെ ഉദാരമായി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യാസക്തികൂടിയ മലയാളികളെ പരമാവധി ചൂഷണം ചെയ്യാനാണ് നീക്കം. സര്‍ക്കാര്‍ മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് പുറമെ ബാറുകളിലും കുപ്പിവില്പ്പന അനുവദിക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് പരമാവധി ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷാരോപണം. പറയുന്നത് യുഡിഎഫ് നേതാക്കളായതിനാല്‍ അത് ഏശാന്‍ പോകുന്നില്ല. ബാറുടമകളില്‍ നിന്നു കോഴവാങ്ങി കൊഴുത്തനേതാക്കളുടെ ആക്ഷേപത്തെ പരിഹാസത്തോടെ മാത്രമേ ജനം കാണുകയുള്ളൂ. അത് തന്നെയാണ് ഇന്നത്തെ ഭരണക്കാരുടെ അഴിമതി കൃഷിക്കു വളമാകുന്നത്. വില്പനാവകാശം സ്വകാര്യമേഖലയ്ക്ക് വ്യാപകമാക്കുക മാത്രമല്ല, മദ്യവിലയില്‍ വന്‍ വര്‍ധന വരുത്തുകയും ചെയ്തിരിക്കുകയാണ്.
മദ്യവില്‍പ്പനയും ലോട്ടറി കച്ചവടവുമാണ് സര്‍ക്കാര്‍ വരുമാനത്തിന്റെ വലിയ അളവാകുന്നത്. അത് ആകര്‍ഷകമാക്കാനുള്ള എല്ലാ അടവുകളും സര്‍ക്കാര്‍ പ്രയോഗിക്കുകയാണ്. മദ്യം യഥേഷ്ടം ലഭിക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരുന്നു. അതില്‍ ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. പുതിയതായി ആരംഭിക്കുന്ന വെര്‍ച്വല്‍ ക്യൂ ആപ് വഴിയാണ് കച്ചവടം പൊടിപൊടിക്കാന്‍ പോകുന്നത്. ബവ്ക്യൂ എന്നപേരാണ് ആപ്പിന് നല്‍കുന്നത്. മദ്യവില്പനയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ബവ്കോ പറയുന്നു. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിംഗുമാണ് ഇപ്പോള്‍ നടക്കുന്നത്. ആപ്പ് നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ നിശ്ചയിച്ചത് ഒരു ടെന്‍ഡറും കൂടാതെയാണെന്നും ആക്ഷേപമുണ്ട്. 35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് തയ്യാറാക്കുന്നതത്രേ.
തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം ആളുകള്‍ വരെയാണ് ബിവ്റജസ് ഷോപ്പുകളിലെത്തുന്നത്. കോവിഡ് ലോക്ഡൗണ്‍ കാരണം ഇത്രയും ദിവസം മദ്യശാലകള്‍ അടഞ്ഞുകിടന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ആപ്പ് ഉപയോഗിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനുപുറമെ സാധാരണ ഫോണുകളില്‍ നിന്ന് എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഉറപ്പുനല്‍കുകയാണ്. ലോക്ഡൗണിലും മദ്യവ്യാപാരം പൊടിപൊടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചല്ല. അതിന്റെ പേരില്‍ വരുമാനനഷ്ടം പറഞ്ഞ് വിലപിക്കുകയാണ് കേരളം ചെയ്തത്. കാശുണ്ടാക്കുക എന്നതല്ലാതെ ജനങ്ങളുടെ ക്ഷേമം കേരളത്തിലെ ഒരു സര്‍ക്കാരും കാര്യമാക്കുന്നില്ല. മദ്യഉപഭോഗം കുറച്ചുകൊണ്ടുവരലാണ് ലക്ഷ്യമെന്നുപറഞ്ഞ സര്‍ക്കാരാണ് മദ്യപ്രളയത്തില്‍ കേരളത്തെ മുക്കാന്നോക്കുന്നത്. മദ്യപാനാസക്തിയില്‍ നിന്നു ജനത്തെ മുക്തമാക്കാന്‍ ഇത്തവണ ബജറ്റില്‍ അഞ്ചുകോടി രൂപ നീക്കിവച്ചിരുന്നു. ഒരു നയാപൈസ അതിനായി ചെലവാക്കാന്‍ പോകുന്നില്ല. കേരളത്തിന്റെ ഗതികേടും അതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: