കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിത്തുടങ്ങി. ആദ്യദിവസം യാത്രക്കാര്‍ വളരെ കുറവായിരുന്നു. യാത്രക്കാരുടെ തിരക്ക് പ്രതീക്ഷിച്ച് രാവിലെ മുതല്‍ കൃത്യമായ ഇടവേളകളില്‍ ബസുകള്‍ എറണാകുളം ഡിപ്പോയില്‍ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തിയെങ്കിലും തിരക്ക് കുറവായിരുന്നു.
എറണാകുളം ഡിപ്പോയില്‍ നിന്ന് ഇന്നലെ 26 ബസുകളാണ് സര്‍വീസ് നടത്തിയത്. ജില്ലാ അതിര്‍ത്തികളിലേക്കുളള സര്‍വീസുകള്‍ ഒഴിവാക്കിയിരുന്നു. രാവിലെ മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 11 വരെ കാര്യമായ തിരക്ക് അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ആളുകള്‍ കുറവായിരുന്നു. പിന്നീട് വൈകിട്ട് നാല് മുതല്‍ രാത്രി ഏഴുവരെയും നേരിയ തിരക്ക് അനുഭവപ്പെട്ടു.
കൊറോണ പശ്ചാത്തലത്തില്‍ ആളുകള്‍ ബസില്‍ യാത്ര ചെയ്യാന്‍ മടിക്കുകയാണെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. അടുത്ത സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ യാത്ര സ്വന്തം വാഹനങ്ങളിലായതാണ് ബസ്സുകളില്‍ തിരക്ക് കുറയുന്നതിന് കാരണം. ഇത് പൊതുഗതാഗതത്തെ വരും ദിവസങ്ങളില്‍ കാര്യമായി ബാധിക്കും.
തിരക്കുളള റൂട്ടുകളില്‍ മാത്രമാകും സര്‍വീസുകളുടെ എണ്ണം കൂട്ടുക. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഓരോ ട്രിപ്പ് കഴിയുമ്പോഴും സീറ്റുകളും കമ്പികളുള്‍പ്പെടെ അണുവിമുക്തമാക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയും സര്‍വീസ് അവസാനിക്കുന്ന മുറയ്ക്കു ബസുകള്‍ അണുവിമുക്തമാക്കും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കൈയ്യുറകളും മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തതായി ഡിടിഒ വിഎം താജുദ്ദീന് പറഞ്ഞു.
പിറവത്തു നിന്ന് പത്തും പറവൂരില്‍ നിന്ന് 21 ഷെഡ്യൂളുകളും ഇന്നലെ ഓപ്പറേറ്റ് ചെയ്തു. വൈപ്പിനില്‍ പല സ്റ്റോപ്പുകളിലും രാവിലെ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്നു 22 സര്‍വീസുകളും ആലുവയില്‍ 19 സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തു. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്ന് എട്ട് സര്‍വീസുകളാണു നടത്തിയത്. 800 രൂപയാണ് ശരാശരി കലക്ഷന്‍. ഉച്ചയ്ക്കു ശേഷമുളള ബസുകളില്‍ തിരക്ക് കുറവായിരുന്നു. ഇന്ന് മുതല്‍ എംസി റോഡില്‍ മൂവാറ്റുപുഴ വരെ അരമണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: