കൊച്ചി: ലോക്ഡൗണ്‍ ഇളവുകളുമായി ഇന്നുമുതല്‍ പൊതുഗതാഗതം ആരംഭിക്കും. ജില്ലയില്‍ 206 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. പുതുക്കിയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുന്നത്. അമ്പതുശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. യാത്രക്കാര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ്.
ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളൂ. മുന്‍വാതിലൂടെ പുറത്തിറങ്ങണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളൂ. യാത്രക്കാരുടെ ആവശ്യവും ബാഹുല്യതയും അനുസരിച്ച് മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ വി.എം. താജ്ജുദ്ദീന് പറഞ്ഞു.
ജീവനക്കാര്‍ക്കുള്ള മാസ്ക്കും ബസുകളിലേക്ക് ആവശ്യമായ സാനിറ്റൈസറും നല്‍കിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന പ്രത്യേക സര്‍വീസുകള്‍ നിര്‍ത്തലാക്കി. ജില്ലാ അതിര്‍ത്തികള്‍ക്ക് തൊട്ടുമുന്‍പുള്ള പ്രധാന ജങ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് അവിടെ തന്നെ നിര്‍ത്താനാണ് തീരുമാനം. എല്ലാ സര്‍വീസുകളും ഓര്‍ഡിനറി സര്‍വീസുകളാണ്. ആദ്യദിവസം ലഭിക്കുന്ന യാത്രക്കാരുടെ പ്രതികരണവും പരാതികളും സ്വീകരിച്ചു അടുത്ത ദിവസങ്ങള്‍ സര്‍വീസില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും ഡിടിഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: