കഷ്ടം! കഷ്ടം!
ഒരിക്കല്‍ ഒരു മനോഹരമായ അരയന്നം മാനസസരസ്സില്‍ നിന്ന് പറന്നു വന്നത് ഒരു കുഗ്രാമത്തിലേക്കാണ്. അപൂര്‍വ്വമായ ജീവിയെ കണ്ട് കുറെ കൊക്കുകള്‍ വട്ടം കൂടി ചോദ്യം ചെയ്യാന്‍ തുടങ്ങി .
ബകഃ – കഃ ത്വം ലോഹിതലോചനാസ്യചരണൗ? (തീക്കട്ട പോലെ ചുവന്ന മനോഹരമായ കണ്ണുള്ള നീയാരാണ്?)
ഹംസഃ – ഹംസഃ അസ്മി (ഞാന്‍ ഹംസമാണ്)
ബകഃ – കുതഃ? (എവിടുന്നാ വരവ്?)
ഹംസഃ – മാനസാത് (മാനസസരസില്‍ നിന്നാ ഞാന്‍ വരുന്നത്)
ബകഃ – കിം തത്രാസ്തി (മാനസസരസോ?അവിടെയെന്താ ഉള്ളത്)
ഹംസഃ – സുവര്‍ണ പങ്കജവനാനി ,സുധാ സന്നിഭം അംഭഃ (സ്വര്‍ണ നിറത്തിലുള്ള താമരക്കാടുണ്ടവിടെ. പിന്നെ അമൃതിനു തുല്യമായ വെള്ളവും.)
ബകഃ – ഭൂയഃ കിം? കഥയസ്വ (പിന്നെന്താ ഉള്ളത്, പറയൂ)
ഹംസം – വിദ്രുമലതാ പുഷ്പം ച സൗഗന്ധികം (നവരത്‌നങ്ങള്‍ക്കു തുല്യമായ ഒരു സസ്യം ,സൗഗന്ധികപുഷ്പവും ഉണ്ടവിടെ )
ബകഃ – കിമു ശംബൂകാഃ സന്തി? (ഇതൊക്കെ കേട്ടിരുന്ന ഒരു കൊക്കു ചോദിച്ചു; എന്താ ഞവിണിക്ക ഉണ്ടോ അവിടെ? ഞങ്ങള്‍ക്ക് തിന്നാന്‍ പറ്റുന്ന ജീവി )
ഹംസഃ – നേതി (ഹേയ് ഞവിണിക്ക്യോ ഇല്ല)
അപ്പോഴേക്കും കൊക്കുകള്‍ ഹീ ഹീ .. എന്നു പറഞ്ഞ് കളിയാക്കി പറന്നകന്നു. ഒരു ഞവിണിക്ക പോലുമില്ലാത്ത മാനസസരസ് ആര്‍ക്കു വേണം എന്ന ഭാവത്തില്‍.
സുഭാഷിതശ്ലോകം
കസ്ത്വംലോഹിതലോചനാസ്യചരണൗ
ഹംസഃകുതോ, മാനസാത്
കിം തത്രാസ്തി? സുവര്‍ണപങ്കജവനാന്യംഭ
സുധാ സന്നിഭം
ഭൂയഃ കിം? കഥയസ്വ, വിദ്രുമലതാ
പുഷ്പഞ്ച സൗഗന്ധികം
ശംബൂകാഃ കിമുസന്തി? നേതി ച ബകൈ
രാകര്‍ണ്യ ഹീ ഹീ കൃതഃ
(ഈയൊരു സംഭാഷണശ്ലോകത്തിലൂടെ ഇന്നത്തെ ഗ്രാമജീവിതത്തിന്റെ ചിത്രവും കവി പറഞ്ഞു വയ്‌ക്കുന്നുണ്ട്. ഗ്രാമത്തിലെത്തുന്ന പരദേശിയെ ചോദ്യം ചെയ്യുന്ന തദ്ദേശവാസികളുടെ ഉത്സാഹവും പരിഹാസവും ഭംഗിയായി ചിത്രീകരിക്കുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: