വെള്ളറട: വെള്ളറട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനു നേരെ കൈയ്യേറ്റ ശ്രമം. പഞ്ചായത്ത് കമ്മറ്റി ബഹിഷ്‌കരിച്ച് എത്തിയ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് പ്രസിഡന്റിനു നേരെ കൈയ്യേറ്റ ശ്രമം നടത്തിയത്.
ലൈഫ് ഭവനപദ്ധതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി കാണിച്ചു എന്നാരോപിച്ച് സമരപരിപാടികള്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി പഞ്ചായത്ത് പടിക്കല്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മറ്റിയില്‍ ലൈഫ് പദ്ധതി സംഭവം ചര്‍ച്ച ചെയ്തശേഷം ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ കമ്മറ്റിയില്‍ നിന്ന് ഇറങ്ങി പഞ്ചായത്ത് പടിക്കല്‍ സമരത്തില്‍ ഇരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തി. ഈ സമയം പഞ്ചായത്ത് വാഹനത്തില്‍ കയറാന്‍ പ്രസിഡന്റ് ശോഭകുമാരി എത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പരസ്പരമുള്ള കയ്യാങ്കളിയില്‍ പ്രസിഡന്റ് നിലത്തു വീഴുകയും ചെയ്തു. പഞ്ചായത്ത് വാഹനത്തില്‍ പ്രസിഡന്റ് കയറാന്‍ പറ്റില്ല എന്ന നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറച്ചുനിന്നതോടെ സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ പ്രതിരോധവുമായി രംഗത്തെത്തിയത് കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് വെള്ളറട പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പ്രസിഡന്റിന്റെ വാര്‍ഡിലെ വിധവയായ വീട്ടമ്മ യശോദയ്‌ക്ക് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ കരാര്‍ പണി പ്രസിഡന്റിന്റെ ഭര്‍ത്താവ് മോഹന്‍ ഏറ്റെടുത്തതും പദ്ധതിപ്രകാരം കോണ്‍ക്രീറ്റ് വീട് നിര്‍മിക്കുന്നതിന് പകരം ഷീറ്റിട്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതുമാണ് പ്രശ്‌നങ്ങള്‍ക്ക് വഴി ഒരുക്കിയത്. സംഭവം വിജിലന്‍സിനെ കൊണ്ട് അന്വേഷിക്കണമെന്നും പ്രസിഡന്റ് രാജിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്‌ട്രീയകക്ഷികള്‍ സമരരംഗത്ത് എത്തിയിരുന്നു.
അതേസമയം യശോദയുടെ മുടങ്ങിയ വീടു പണി പൂര്‍ത്തിയാക്കി നല്‍കാമെന്ന വാദവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് വന്നുവെങ്കിലും കരാര്‍ ഏറ്റെടുത്തവര്‍ പണി പൂര്‍ത്തിയാക്കി നല്‍കണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറച്ചു നിന്നു. ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് മോഹനനെ കൊണ്ട് യശോദയ്‌ക്ക് കരാര്‍ എഴുതി നല്‍കി പണി പൂര്‍ത്തിയാക്കി നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന പോലീസിന്റെ ഉറപ്പിന്മേലാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. തുടര്‍ന്ന് സ്വകാര്യ വാഹനത്തിലാണ് പ്രസിഡന്റ് വീട്ടിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: