ബെര്‍ലിന്‍: ആരാധകരില്ലാത്ത സ്റ്റേഡിയത്തില്‍ കളിക്കുന്നത് വളരെ വിചിത്രമാണെന്ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പരിശീലകന് ലൂസിയന്‍ ഫാവ്റെ. ലോക്ഡൗണ്‍ കഴിഞ്ഞ് പുനരാരംഭിക്കുന്ന ആദ്യ ലീഗായ ബുന്ദസ് ലിഗയിലെ ആദ്യ പോരാട്ടത്തില്‍ ഷാല്ക്കക്കെതിരെ ഡോര്‍ട്ട്മുണ്ട് വിജയം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മടക്കമില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഡോര്‍ട്ട്മുണ്ട് വിജയിച്ചത്.
ടീമിന്റെ വിജയത്തില്‍ സംതൃപ്തനാണ്. എന്നാല്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നത് വളരെ വിചിത്രമാണെന്ന് ഫാവ്റെ വെളിപ്പെടുത്തി.
റാഫേല്‍ ഗ്യൂറേറിയോയുടെ ഇരട്ട് ഗോളാണ് ഡോര്‍ട്ട്മുണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ഹലാന്‍ഡ്, ഹസാര്‍ഡ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഈ വിജയത്തോടെ ബൊറൂസിയക്ക് 26 മത്സരങ്ങളില്‍ 54 പോയിന്റായി.
മറ്റൊരു മത്സരത്തില്‍ ആര്‍ബി ലീപ്സിഗിനെ ഫ്രീബര്‍ഗ് സമിനലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഈ സമനില ആര്‍ബി ലീപ്സിഗിന്റെ കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഇരുപത്തിയാറ് മത്സരങ്ങളില്‍ അമ്പത്തിയൊന്ന് പോയിന്റുള്ള ലീപ്സിഗ് നാലാം സ്ഥാനത്താണ്. മുപ്പത്തിനാലാം മിനിറ്റില്‍ ഗോള്‍ വഴങ്ങി പിന്നാക്കം പോയ ലീപ്സിഗിന് പോള്‍സണിന്റെ ഗോളാണ് സമനിലയൊരുക്കിയത്. ഏഴുപത്തിയേഴാം മിനിറ്റിലാണ് പോള്‍സണ്‍ ലക്ഷ്യം കണ്ടത്.
ആദ്യ പകുതിയില്‍ മാനുവല്‍ ഗുല്ഡേയാണ് ഫ്രീബര്‍ഗിനെ മുന്നിലെത്തിച്ചത്. അവസാന നിമിഷങ്ങളില്‍ ഫ്രീബര്‍ഗ് ഗോള്‍ അടിച്ചെങ്കിലും വാര് ഗോള്‍ അനുവദിച്ചില്ല.
മറ്റൊരു മത്സരത്തില്‍ എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഗ്ലാഡ്ബാച്ച് പരാജയപ്പെടുത്തി. ഓഗ്സ്ബര്‍ഗ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വൂള്വ്സ്ബര്ഗിനോട് തോറ്റു.
ഹെര്‍ത്ത ബിഎസ്സി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഹോഫീന്ഹീമിനെ തോല്‍പ്പിച്ചു. ഫോര്ച്ചൂന ഡ്യൂസല്‍ഡോര്‍ഫും പാഡര്ബോണും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: