ന്യൂദല്‍ഹി: നാലാം ഘട്ട ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്. പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരും. വിദ്യഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും അടഞ്ഞു തന്നെ കിടക്കും.
എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആഭ്യന്തര വിമാന സര്‍വീസുകളും അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും കൊവിഡില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങള്‍ക്ക് മാത്രമേ വിമാനസര്‍വീസുകള്‍ നടത്താവൂ. മെട്രോ റെയിലും പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. സംസ്ഥാനങ്ങള്‍ക്കുള്ളിലെ ബസ് സര്‍വ്വീസുകള്‍ക്ക് അനുവാദം നല്കി. സംസ്ഥാനങ്ങള്‍ക്കിടയില്‍ ധാരണപ്രകാരം അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്കും അനുമതി നല്കി.
എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആള്‍ക്കൂട്ടങ്ങള്‍ക്കും നിലവിലുള്ള നിയന്ത്രണം തുടരും. 65 വയസ്സിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: