കുളിമുറിയുടെ ഓരം ചേര്‍ന്നാണ് പേരയ്ക്കാമരം നിന്നിരുന്നത്. മരത്തില്‍ വെളുത്തു തുടുത്ത പേരയ്ക്ക കള്‍ നിറഞ്ഞ് പൂച്ചെണ്ടുപോലെ കാണപ്പെടുന്നുണ്ട്. ആകാശത്തില്‍നിന്ന് വെളിച്ചം ഭൂമിയിലേക്ക് അറിച്ചിറങ്ങിവരാന്‍ നന്നേ പാടാണ്. കാരണം പേരയ്ക്കാമരം പടര്‍ന്ന് പന്തലിച്ച് മുറ്റം നിറഞ്ഞ് നില്‍ക്കുകയാണ്. കുളി മുറിയുടെ മേല്‍ക്കൂരയ്ക്കു മീതെ ശിഖരങ്ങള്‍ ചാഞ്ഞു ചെരിഞ്ഞ് ഒരു രക്ഷാകവചം വിരിച്ചതുപോലെ.
മരത്തിന്റെ തൊലിയുരിഞ്ഞുപോയതിനാല്‍ വിളറി വെളുത്ത കൊമ്പുകളിലൂടെ കയറുമ്പോള്‍ ചെറിയ വഴുക്കല്‍ അനുഭവപ്പെടുന്നുണ്ട്. സ്കൂളില്‍നിന്നു വന്നു കഴിഞ്ഞാല്‍ പിന്നെ ഒരു മണിക്കൂറെങ്കിലും പേരയ്ക്കയുടെ മുകളില്‍ കയറിയിട്ടുള്ള അഭ്യാസമാണ്. ഏട്ടനും പ്രകാശേട്ടനും ജ്യോച്ചിയും കയറിക്കഴിഞ്ഞേ തനിക്ക് പ്രവേശനമുള്ളൂ. ഇന്നാണെങ്കില്‍ ആരെയും കാണാനില്ല. എല്ലാവരും ഓട്ടട ഭക്ഷിക്കുന്ന തിരക്കിലാണ്.
ദേവി ഓപ്പോള് നല്ല ഓട്ടട ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഓപ്പോള് ഉണ്ടാക്കിയ ഭക്ഷണം കണ്ടാല്‍ തന്നെ വായില്‍ നിന്ന് വെള്ളമൂറും. മഞ്ചപ്പുറത്ത് ചമ്രം പടിഞ്ഞിരുന്ന് അവരെല്ലാവരും ഓട്ടട കഴിക്കുകയാണ്. ഏട്ടനും പ്രകാശേട്ടനും ചിലപ്പോള്‍ തന്റെ ഓഹരികൂടി കൈവശപ്പെടുത്തിക്കാണും. ജ്യോച്ചി അതു ചെയ്യില്ല. തന്നെ ഒത്തിരി സ്നേഹമാണ്.
കഴിഞ്ഞ മാസം തിരണ്ടുകല്യാണം കഴിഞ്ഞപ്പോള്‍ തനിക്കിഷ്ടമുള്ള എല്ലാ വിഭവങ്ങളും എല്ലാവരും ഉണ്ടാക്കി തന്നിരുന്നു. പ്രകാശേട്ടന് അത് കണ്ട് ദേഷ്യപ്പെട്ടത് ഓര്‍മയുണ്ട്. ”അവള്‍ക്കു മാത്രമായിട്ടെന്താ ഇത്രൂട്ടം വിഭവങ്ങള്‍…..” എന്നു ചോദിച്ചുകൊണ്ട് ഉണ്ണിച്ചെറിയമ്മയോടും ദേവിയോപ്പയോടും കയര്‍ക്കുന്നുണ്ടായിരുന്നു. ജ്യോച്ചി അപ്പോഴും കണ്ണിറുക്കി ചിരിച്ചു നിന്നതേയുള്ളൂ. രണ്ടു ദിവസം പ്രകാശേട്ടന് ഈ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ആരും പാവത്തിന് ഉത്തരം നല്‍കിയില്ല.
”ഇതറിയാന്‍ പെണ്‍കുട്ട്യാവണം… അപ്പൊഴേ ഇങ്ങനൊക്കെ ഭക്ഷണോം വസ്ത്രോം കിട്ടൂ….” എന്ന് പറഞ്ഞ് ചൂടുപിടിപ്പിക്കുവാന്‍ നല്ല രസമാണ്.
ഈ തിരണ്ടു കല്യാണം കഴിഞ്ഞാല്‍ പെണ്കുട്ട്യോള് ഓടാനും ചാടാനും മരം കയറാനും ഒന്നും പാടില്ലത്രേ… എനിക്ക് വയ്യ അങ്ങനെയിരിക്കാനൊന്നും…തുളസിത്തറയുടെ സമീപം ഒളിച്ചിരിക്കാനും പാടില്ലാത്രേ…. പിന്നെവിടാ ഒളിക്യാ…ഒളിച്ചുകളിക്കുമ്പോ ഏറ്റവും സുരക്ഷിതമായ സ്ഥാനമാണത്…കണ്ണട മൂക്കത്ത് വച്ച് അതിന്റെ മുകളിലൂടെ അച്ഛമ്മ തുറിച്ചു നോക്കും…
ഒരു ദിവസം അച്ഛനോട് ധൈര്യപൂര്‍വം പറഞ്ഞതോര്‍മയുണ്ട്. ഈ പെണ്കുട്ട്യോള്ക്ക് നില്‍ക്കാനും ഇരിക്കാനും ചാടാനും ഉള്ള സ്ഥലം ഒരു പേപ്പറില്‍ കുറിച്ചു തരാന്‍…
അധികപ്രസംഗി എന്നുപറഞ്ഞ് അമ്മ തല്ലാന്‍ വന്നു. ചക്കരമാവിന്റെ പാഞ്ഞു കിടക്കുന്ന കൊമ്പിലിരുന്ന് ഒന്ന് ആടിയാല്‍ മതി….അച്ഛമ്മ പറയും… ”പെണ്കുട്ട്യോള് ഇങ്ങനെ ആടാന്‍ പാടില്ല…” സന്ധ്യയ്ക്ക് കുളത്തിലേക്ക് മേക്കഴുകാന്‍ പോകുമ്പോള്‍ പറയും. ”പെണ്കുട്ട്യോള് മുടീങ്ങനെ അഴിച്ചിട്ട് നടക്കാന്‍ പാടില്ല…” കിഴക്കറയിലിരുന്ന് പഠിക്കുമ്പോ പ്രകാശേട്ടന് വന്ന് തമാശ പറയും. ചിരിച്ചാല്‍ തൊടങ്ങും അച്ഛമ്മയുടെ ഉപദേശം… ”ഇങ്ങനേം ണ്ടാ പെണ്കുട്ട്യോള്… പൊട്ടിച്ചിരിക്ക്യാത്രേ… എന്റെ ദേവ്യേ പെണ്കുട്ട്യോള് ങ്ങ്നെ പൊ
ട്ടിച്ചിരിക്കാന്‍ പാടില്ലെന്ന് പറഞ്ഞു കൊടുക്കൂ…” ദേവിയോപ്പോള്‍ കിഴക്കറയിലേക്ക് കയറി വരുമ്പോഴേക്കും പ്രകാശേട്ടന് തന്റെ വായ പൊത്തിപ്പിടിച്ചുണ്ടാവും. പ്രകാശേട്ടന്റെ പിടിവിടാന്‍ വേണ്ടി ഒരു കടി കയ്യില്‍ വെച്ചു കൊടുക്കും. ഇത് കണ്ട് ദേവിയോപ്പോള്‍ പറയും. ”ന്താത് കുട്ട്യേ…ആണ്‍കുട്ട്യോളെ കടിക്കാന്‍ പാടുണ്ടോ?…”
രാവിലെത്തന്നെ മുത്തച്ഛനെ കാണാന്‍ പലരും വരും… നാട്ടിലെ തമ്പ്രാനാണത്രേ മുത്തച്ഛന്. എല്ലാവരുടെയും പരിദേവനങ്ങളും സങ്കടങ്ങളും മുത്തച്ഛനോടു വന്ന് പറയുന്നത് കാണാം. മുത്തച്ഛന് വിധി പ്രസ്താവിക്കും. ആരായാലും അത് അനുസരിച്ചുകൊള്ളണം. മുത്തച്ഛന്റെ മിക്ക വിധികളും ന്യായമാകാറുണ്ട്. ചിലതിനോട് തനിക്ക് യോജിപ്പുണ്ടായിരുന്നില്ല. അതു ചോദിക്കാന്‍ ചെന്നാല്‍ അച്ഛമ്മ പറയും…”പെണ്കുട്ട്യോള് ഇതിലൊന്നും തലേടാന്‍ പാടില്ല…”
എന്താ… പെണ്കുട്ട്യോള്ക്ക് അഭിപ്രായം ഒന്നും പറയാന്‍ പാടില്ലേ? ആരോടു ചോദിക്കും….?
ഈശ്വരാ… മാസത്തില്‍ തീണ്ടാരിയായാല് പിന്നെ ഒന്നും പറയണ്ട. അങ്ങോട്ടു നടക്കാന്‍ പാടില്ല. ഇങ്ങോട്ടു നോക്കാന്‍ പാടില്ല… ഒരു ചായ്പ്പിലെങ്ങനെഇരിക്യാ… പായേലേ കിടക്കാന്‍ പറ്റൂ….ഈ വീട്ടിലെ ചായ്പ്പില് എത്ര പെണ്കുട്ട്യോള് ഇങ്ങനെ ദെവസങ്ങളോളം ഇരുന്നിട്ടുണ്ടാവും?
ഏട്ടനും പ്രകാശേട്ടനും സ്കൂള്‍ വിട്ടു വന്നാല്‍ പതുക്കെ ചായ്പ്പില് നിന്ന് ആരും കാണാതെ പുറത്തുചാടും. പേരയ്ക്കാമരത്തിന്റെ ഉച്ചിയിലെത്തും. ”നീ പറിച്ചുതിന്നോ പേരയ്ക്ക…പെണ്കുട്ട്യോള് ഇങ്ങനെ ചായ്പ്പില് കഴിയേണ്ടവളല്ല….” എന്ന് പ്രകാശേട്ടന് പ്രസ്താവിക്കും….
ദേവിയോപ്പോള്‍ തൊഴുത്തിലെ ചാണകം വാരിക്കളയാന്‍ ആ വഴി പോകുന്നുണ്ടാവും. തന്നെ കണ്ടാലും കണ്ടില്ലെന്നു നടിക്കും… തനിക്കറിയാം ദേവിയോപ്പോള്‍ അച്ഛമ്മയോടു തന്നെ കണ്ട കാര്യം പറയില്ലെന്ന്…. അത്തരത്തിലൊരു ചതി ചെയ്യാന്‍ ഓപ്പോള്‍ക്കാവില്യാ… കാരണണ്ട്….രാത്രീല് കാല് കടഞ്ഞ് വേറിടുന്നെന്ന് പറഞ്ഞ് കരയുമ്പോ താന്‍ മാത്രേള്ളൂ… കാല് തിരുമ്മാന്‍…ആശ്വസിപ്പിക്കാന്‍…
ദേവിയോപ്പോളുടെ വേദന ഇപ്പൊ മാറുംട്ടോ; നല്ല കുട്ടിയായി ഉറങ്ങിക്കോന്ന് പറഞ്ഞ് രാമായണത്തിലെ വരികള്‍ പാടിക്കൊടുക്കും. താന്‍ രാമായണം ചൊല്ലുന്നത് കേള്‍ക്കാന്‍ ദേവിയോപ്പോള്‍ക്കിഷ്ടമാണ്…അച്ഛമ്മ ചൊല്ലുന്നതു കേട്ട് അടുത്തിരുന്ന് പഠിച്ചതാണ്…ശ്രീരാമന്റെ കഥകള്‍ അച്ഛമ്മ പറഞ്ഞു തരും…
സന്ധ്യയ്ക്ക് നാമജപം കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ കലാപരിപാടികളാണ്. ഭഗവദ്ഗീതയിലെ കൃഷ്ണനാവാനായിരുന്നു തനിക്കിഷ്ടം. പ്രകാശേട്ടന് അര്‍ജുനനാവും… ഏട്ടന് ധൃതരാഷ്ട്രരും..ജ്യോച്ചി സഞ്ജയനും…
ഒറ്റശ്ലോകം കഴിഞ്ഞ് രംഗമൊഴിയാന്‍ വേണ്ടി ഏട്ടനെന്നും ധൃതരാഷ്ട്രര്‍ തന്നെ. ജ്യോച്ചിക്കും കൂടുതല്‍ അരങ്ങാടിത്തിമര്‍ക്കാന്‍ വയ്യാത്തതിനാല്‍ ഇടയ്ക്ക് വന്ന് സഞ്ജയന്റെ റോള്‍ കൈകാര്യം ചെയ്ത് പോകും. പ്രകാശേട്ടന് അര്‍ജുനന്റെ ചോദ്യവുമായി രംഗത്തെത്തും…. ശ്രീകൃഷ്ണനായി ഗീതോപദേശത്തിന്റെ ഭാഗം കൈകാര്യം ചെയ്യാന്‍ തനിക്കുള്ള പാടവത്തെ എല്ലാവരും പുകഴ്ത്തി സംസാരിക്കാറുണ്ട്. ആദ്ധ്യാത്മിക കാര്യങ്ങളില്‍ തനിക്കുള്ള കഴിവിനോട് അച്ഛമ്മയ്ക്ക് മതിപ്പുണ്ട്. അതുമാത്രമാണ് അച്ഛമ്മയുടെ മുന്നില്‍ കാണിക്കാനുള്ള തുറുപ്പുശീട്ട്…
കുളിമുറിയില്‍ കയറി കയ്യും കാലും മുഖവും കഴുകി നെയ്യപ്പം തിന്നാമെന്നു കരുതിയാണ് സ്കൂളില്‍നിന്ന് വന്ന ഉടനെ ഓടി കുളിമുറിയില്‍ കയറിയത്… കുളിമുറിയുടെ അടുത്തെത്തിയപ്പോള്‍ തന്നെ ആകാശത്തുനിന്ന് മുഖത്തേക്ക് ടോര്‍ച്ച് മിന്നിച്ചപോലെ കണ്ണുകളിലേക്ക് വെളിച്ചം കുത്തിയിറങ്ങി…രണ്ടു കൈകള്‍ കൊണ്ടും മുഖം പൊത്തി താഴേക്ക് നോക്കിയപ്പോള്‍ മരപ്പൂളുകളും പേരയ്ക്കയുടെ ഇലകളും മുറ്റം മുഴുവന്‍ ചിതറിത്തെറിച്ചിരിക്കുന്നു…പേരയ്ക്കാമരം കോടാലികൊണ്ട് വെട്ടിമുറിച്ച് തുണ്ടുതുണ്ടാക്കി മാറ്റിയിരിക്കുന്നു.
കിഴക്കേ പറമ്പിന്റെ അരികെ നിന്ന് അച്ഛമ്മയും വാല്യക്കാരും പറയുന്നുണ്ടായിരുന്നു… ”കുളിമുറിയുടെ മേല്‍ക്കൂര തകര്‍ക്കാനായൊരു മരം…. വന്നാ തൊടങ്ങും വാല്യക്കാരായ പെണ്കുട്ട്യോള് അതിന്മേ കേറി ചാഞ്ചാടാന്‍…. ആര്യങ്കാവിലമ്മേടെ പൂരം കഴിയട്ടെയെന്ന് നിരീച്ചാ ഇത്രേടം നീട്ടിക്കൊണ്ടോയേ…ഇനീം അത് നിന്നാ വീടിനതൊരു ഭാരാവും….കുളിമുറീടെ മേല്‍ക്കൂര പൊളിക്ക്യോന്ന് സംശല്യ…..”
ഭൂമിയുടെ ഭാരമായ പേരയ്ക്കാമരത്തെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു… കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തണലേകി…ഞങ്ങളുടെ കളിക്കൂട്ടുകാരനായി പേരയ്ക്കകള്‍ നല്കി….കിളികളുടെയും മറ്റു ജീവജാലങ്ങളുടെയും വിശപ്പകറ്റി പച്ചക്കുട നിവര്‍ത്തിനിന്ന പേരയ്ക്ക മരം ഭൂമിയ്ക്ക് ഭാരാണത്രേ….ഇന്ന് നാമജപത്തിനുശേഷമുള്ള കലാപരിപാടിയില്‍ പറയണം…ഭൂമിയുടെ ഭാരം നീക്കാന്‍ ശ്രമിച്ച് ഭൂമിയ്ക്ക് ഭാരമായവനെക്കുറിച്ച്….
രജനി സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: