വെള്ളരിക്കുണ്ട്: ലോക് ഡൗണ്‍ സമയത്ത് അടഞ്ഞുകിടന്ന സ്വകാര്യ സ്റ്റോണ്‍ ക്രഷറില്‍ ചാരായം വാറ്റിയ സിപിഎം അനുകൂല തൊഴിലാളികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. വെള്ളരിക്കുണ്ട് താലൂക്കില്‍ വെസ്റ്റ് എളേരി വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ക്രഷര്‍ യൂണിറ്റിലാണ് ലോക് ഡൗണ്‍ സമയത്ത് ഭരണാനുകൂല തൊഴിലാളികള്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയത്.
രാത്രി കമ്പനിയിലെ കാന്റീനില്‍ വെച്ച് തൊഴിലാളികള്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം കമ്പനി മാനേജരെ അറിയിക്കുകയായിരുന്നു. മാനേജര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടമ അന്ന് തന്നെ ചാരായം വാറ്റിയ തൊഴിലാളികളായ മൂന്ന് തൊഴിലാളികളെയും കമ്പനിയിലെ തന്നെ മറ്റ് മൂന്ന് ജീവനക്കാരെയും സസ്‌പെന്റ് ചെയ്തിരുന്നു.
എന്നാല്‍ ലോക് ഡൗണ്‍ ഇളവ് ലഭിച്ചു പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തില്‍ സസ്‌പെന്‍ഡിലായ ചാരായം വാറ്റിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ പുങ്ങംചാലിലെ പ്രാദേശീക നേതാവിന്റെ നേതൃത്വത്തില്‍ ഉള്ള സിപിഎം നേതാക്കളും തൊഴിലാളി നേതാക്കളും സ്ഥാപന ഉടമയെ സമീപിച്ചത്.സിപിഎം നേതാക്കളുടെ ആവശ്യം ഉടമ അംഗീകരിച്ചില്ലെന്നാണ് മറ്റ് തൊഴിലാളികള്‍ പറയുന്നത്. ജില്ലാ-സംസ്ഥാന നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സ്ഥാപന ഉടമയുടെ മേല്‍ സമര്‍ദം ചെലുത്തുന്നതായി ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ കമ്പനി ഉടമയോട് ചാരായം വാറ്റിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപെട്ട പ്രാദേശീക നേതാവിന്റെ നടപടി വിവാദമായിട്ടുണ്ട്. നേരത്തെ ക്രഷര്‍ ഓപ്പറേറ്ററും ഡ്രൈവറുമായി ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികളെ അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയിരുന്നു. അന്നും ഇവരെ സംരക്ഷിച്ചത് സിപിഎം നേതൃത്വമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: