ആമസോണിലെ ആദിവാസികള്‍ക്കിടയില്‍ ഒരു ചടങ്ങുണ്ട്. ഒരാള്‍ കൗമാരം കടന്ന് യൗവനത്തിലെത്തുമ്പോള്‍ ഗോത്രത്തലവന്മാര് അവനെ കൊടുംകാട്ടില്‍ കെട്ടിയിടും. വന്യമൃഗങ്ങള്‍ വിളയാടുന്ന കാട്ടിനുള്ളില്‍ ഒറ്റയ്ക്ക് ഒരു രാത്രി അവന് കഴിച്ചുകൂട്ടും. ഈ പരീക്ഷണം അതിജീവിച്ചാല്‍ അവനെ മോചിപ്പിക്കും. അവന് സമൂഹത്തില്‍ ഉത്തരവാദിത്വവും മാന്യതയും നല്‍കും. ഇങ്ങനെ കെട്ടിയിടപ്പെട്ട ഒരു യുവാവ് ഒരിക്കല്‍ വിലപിച്ചു. എന്തേ എന്റെ ഗോത്രത്തലവന്മാര് ഈ കൊടുംക്രൂരത ചെയ്തു? എന്റെ അച്ഛന് പോലും എന്തേ വിലക്കിയില്ല? അവന് ഭയന്ന് വിറച്ച് കാട്ടില്‍ കഴിഞ്ഞു. നേരം വെളുത്തപ്പോള്‍ ഗോത്രത്തലവനെത്തി അവനെ കെട്ടഴിച്ചു വിട്ടു. അവന് നോക്കുമ്പോള്‍ കാണാം, താന്‍ കിടന്ന സ്ഥലത്തിനടുത്ത് അച്ഛന് ഊരിപ്പിടിച്ച വാളുമായി കാവല്‍ നില്ക്കുന്നു. അദ്ദേഹത്തിന് ചുറ്റും ഉയര്‍ത്തിപ്പിടിച്ച മഴുവുമായി ഗോത്രത്തലവന്മാരും. ഇന്ത്യന്‍ ജനത ഇന്ന് മനസിലാക്കുന്നു; കൊറോണ വൈറസിനെ ചെറുക്കാന്‍ ഊരിപ്പിടിച്ച വാളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉയര്‍ത്തിപ്പിടിച്ച മഴുവുമായി മുഖ്യമന്ത്രിമാരും കാവല്‍ നില്‍ക്കുന്നുണ്ടെന്ന്. ജീവന് ശേഷമാണ് ജീവിതമെന്നും ജീവനോടൊപ്പം ജീവിതവും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ പ്രത്യാശയുടെ ശബ്ദമായി ജനങ്ങള്‍ തോളിലേറ്റി.
ജീവന് നിലനില്‍ക്കുകയാണ് ആവശ്യം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊയ്ത്തു കാലമായിട്ടും കൊയ്യാന്‍ ആളെ കിട്ടുന്നില്ല. തൊഴിലാളികള്‍ എവിടെയോ ആണ്. കൊയ്ത്ത് കഴിഞ്ഞാലും ഒട്ടേറെ ഘട്ടങ്ങളുണ്ട്. അതിനെ പോസ്റ്റ് ഹാര്‍വസ്റ്റ് മാനേജ്മെന്റ് എന്നു വിളിക്കുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ കര്ഷകന് കാര്‍ഷികോത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ട്രക്കു കിട്ടുന്നില്ല. പഴം – പച്ചക്കറി കര്‍ഷകരുടെ കാര്യം അതിനെക്കാള്‍ കഷ്ടമാണ്. ഒരു വര്‍ഷം 50,000 കോടിയിലധികം രൂപയുടെ പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റിലെത്താതെ പോകുന്നു. കാരണം ഇവയുടെ ആയുസ് 24 മണിക്കൂര്‍ മാത്രമാണ്. ഇന്ത്യയില്‍ ആവശ്യാനുസരണം ഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ ഇല്ല. കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളില്ല. കര്ഷകന് സമയത്ത് പണം കിട്ടണം. കാര്‍ഷിക മേഖലയ്ക്ക് കരുത്തുപകരുന്ന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത് എന്നത് ആ മേഖലയ്ക്ക് ആശ്വാസം നല്‍കും.
ഒരു വീട്ടമ്മക്ക് അറിയേണ്ടത്, കൈയിലുള്ള പണം കൊണ്ട് കുടുംബം നിലനിര്‍ത്താന്‍ കഴിയുമോ എന്നാണ്. 1.75 ലക്ഷം കോടിയുടെ പാക്കേജില്‍ വീട്ടമ്മമാര്‍ക്ക് ചില സഹായങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാവര്ക്കും ഭക്ഷണം ഉറപ്പാക്കണം. ആരേയും പട്ടിണിക്കിടില്ല എന്ന പ്രഖ്യാപിത നയം തന്നെയാണ് ഇപ്പോള്‍ കേന്ദ്രം എടുത്തിരിക്കുന്നത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നതെങ്കിലും കേരളവും കേന്ദ്രവും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നത് അടിസ്ഥാനപരമായ ചില കാര്യങ്ങളാണ്. അടിയന്തര കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ മാനദണ്ഡമായി ഉപയോഗിക്കാന്‍ കഴിയില്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയാണ്. എന്നാല്‍ ഇതില്‍ ഒരു അവസരവും കൂടിയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് മനസിലാക്കണം. ഉദാഹരണത്തിന് ജപ്പാന്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന് താറുമാറായി. അവിടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലത്ത് നൂറ്റാണ്ടുകളായി ചില പ്രത്യേക അവകാശങ്ങള്‍ കൈയാളിയിരുന്ന സാമുറായ് എന്ന പ്രഭുവര്‍ഗ്ഗം അവരുടെ പ്രത്യേക അധികാരങ്ങള്‍ വേണ്ടെന്ന് വച്ചു. അവര്‍ സാധാരണക്കാരുമായി കൈകോര്‍ത്തു. നമ്മുടെ സംസ്ഥാനത്തും ഇത്തരമൊരു കാര്യം സംഭവിക്കേണ്ടതല്ലേ? മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തില്‍ എത്രയെത്ര തസ്തികകളാണ് ഉണ്ടാക്കിയത്. എത്ര കമ്മീഷനുകളാണ് ഉണ്ടാക്കിയത്. ഇതെല്ലാം ആവശ്യത്തിനു വേണ്ടിയായിരുന്നോ?
ഇനി ജനപ്രതിനിധികളുടെ കാര്യം. അവര്‍ ജനങ്ങളെ സേവിക്കേണ്ടവരല്ലേ? അവരെ എങ്ങനെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ കരുതാനാവുക? അവര്‍ക്ക് എന്തിനാണ് ഓരോ തവണ എംഎല്‍എ ആകുമ്പോഴും പുതിയ പെന്ഷന് അനുവദിക്കുന്നത്? ഇത്തരം അനാവശ്യ ചെലവുകള്‍ നിയന്ത്രിച്ചേ തീരു. മുണ്ടുമുറുക്കി ഉടുക്കാന്‍ സര്‍ക്കാര്‍ പറയാറുള്ളത് സാധാരണക്കാരോടാണ്. അടിയന്തരഘട്ടങ്ങളില്‍ അടിയന്തരമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അല്വിന് ടോഫഌറുടെ ഫ്യൂച്ചര്‍ ഷോക്ക് എന്ന പുസ്തകത്തില്‍ അഡ്ഹോക്കസി എന്ന പ്രതിഭാസത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ എടുക്കേണ്ടി വരുന്ന അടിയന്തര തീരുമാനങ്ങളെയാണ് അതു സൂചിപ്പിക്കുന്നത്. ഇന്ന് നമുക്ക് വേണ്ടത് അഡ്ഹോക്കസിയാണ്.
ജപ്പാനില്‍ അക്കിയോ മൊറിറ്റോ എന്ന ഒരു എഞ്ചിനീയര്‍ ഉണ്ടായിരുന്നു. സോണി കോര്പ്പറേഷന് സ്ഥാപിച്ച അദ്ദേഹത്തിന്റെ ആശയമായിരുന്നു ഇലക്ട്രോണിക്സ് വിപ്ലവം. ജപ്പാന് തുടക്കമിട്ടതോടെ ഇലക്ട്രോണിക്സ് ഇല്ലാതെ ലോകത്തിനു ജീവിക്കാന്‍ കഴിയില്ലെന്ന് വന്നു. ജപ്പാന് സാമ്പത്തിക രംഗത്ത് കുതിച്ചുയര്‍ന്നു. രണ്ടാമത്തെ അവസരം ജപ്പാന് കൈവന്നത് വിയറ്റ്നാം യുദ്ധത്തിനിടയിലാണ്. അമേരിക്കന്‍ കപ്പലുകള്‍ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ വിയറ്റ്നാമില്‍ എത്തി. തിരികെ കാലിയടിക്കുന്ന കപ്പലുകളില്‍ ജപ്പാന് അമേരിക്കയിലേക്ക് ഇലക്ട്രോണിക്സ് സാധനങ്ങള്‍ കയറ്റി അയച്ചു. അതോടെ അമേരിക്കക്ക് ജപ്പാന്റെ കാര്‍ മതിയെന്നായി. അങ്ങനെ അമേരിക്കന്‍ കാര്‍ മാര്‍ക്കറ്റ് ജപ്പാന് പിടിച്ചെടുത്തു.
ഇന്ന് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആഗോള ബ്രാന്റാണ്. കേരളത്തെ ലോകത്തിന്റെ ആരോഗ്യ ഹബ്ബാക്കി മാറ്റാമെന്ന യാഥാര്‍ത്ഥ്യം ഡോ. ഐസക്ക് മനസിലാക്കണം. ഇന്ന് കേരള ടൂറിസം ആഗോള ബ്രാന്റാണ്. കൊല്ലം ജില്ലയില്‍ ആരംഭിച്ച ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലാണ് ഇത്തരമൊരു ആഗോള മാര്‍ക്കറ്റിലേക്ക് കേരള ടൂറിസത്തെ കൊണ്ടെത്തിച്ചത്. ആരോഗ്യ മേഖലയിലെ സാധ്യതകള്‍ അവസരങ്ങളായി കണ്ടെത്തി പ്രയോജനകരമാക്കാന്‍ കഴിയണം.
ജീവന് നിലനിര്‍ത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അതിജീവന പാക്കേജാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. എല്ലാം കേന്ദ്രം തരുമെന്ന് പറഞ്ഞ് സംസ്ഥാനം വെറുതെ ഇരിക്കരുത്. പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാന്‍ ഉണ്ണും എന്ന വിചാരം നന്നല്ല. കിട്ടിയ പണത്തിനുള്ളില്‍ നിന്നു കൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം. കേന്ദ്രബിന്ദു ജനങ്ങളായിരിക്കണം. അവര്‍ക്ക് വേണ്ടിയാവണം പദ്ധതികള്‍്. സര്‍ക്കാരിന്റെ ഒന്നാമത്തെ കടമ ജനങ്ങളോടാണ്. രണ്ടാമത്തെ കടമ ജനങ്ങളോടാണ്. മൂന്നാമത്തെ കടമയും ജനങ്ങളോടാണ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ റസീലിയന്‍സ് എന്നൊന്ന് സാമ്പത്തിക രംഗത്തുണ്ട്.
ഏഷ്യന്‍ ടൈഗേര്‍സ് എന്ന് വിളിച്ചിരുന്ന രാജ്യങ്ങള്‍ക്ക് പോലും ആഗോള സമ്പത്തിക മാന്ദ്യത്തില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. അമേരിക്കയ്ക്കും കഴിഞ്ഞില്ല. ഇന്ത്യക്ക് കഴിഞ്ഞു. അത് ഇന്ത്യന്‍ റസീലിയന്‍സ് എന്ന പ്രതിഭാസം ഉള്ളതു കൊണ്ടാണ്. സാമ്പത്തിക വിദഗ്ദ്ധനായ ഡോ. മന്മോഹന് സിംഗ് രാജ്യം ഭരിച്ചപ്പോള്‍ പോലും 8 വര്‍ഷത്തില്‍ 6 തവണ ഇന്ത്യയുടെ ജിഡിപി 5.3 ലേക്ക് താഴ്ന്നു. പിന്നീട് തിരിച്ചുവന്നു. ഇതൊക്കെ മനസിലാക്കി സാമ്പത്തിക രംഗത്ത് പുനക്രമീകരണം ഉണ്ടാക്കണം. ജനങ്ങളായിരിക്കണം അപ്പോഴും പദ്ധതികളുടെ കേന്ദ്രബിന്ദു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ എല്ലാവര്ക്കും പാര്‍പ്പിടം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് കഴിഞ്ഞു. അതോടൊപ്പം എല്ലാവര്ക്കും ഭക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. ഭക്ഷണം അവകാശമാക്കണം. കൊറോണ അതിജീവനത്തില്‍ മുന്നണി പോരാളികള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരാണ്. എട്ടു മണിക്കൂര്‍ മാത്രമാണ് നിയമപകാരം അവര്‍ ജോലി ചെയ്യേണ്ടത്. എന്നാല്‍ 24 മണിക്കൂര്‍ അവര്‍ ജോലി ചെയ്തു. അതു കൊണ്ടു തന്നെ അവര്‍ക്ക് അടുത്ത മാസമെങ്കിലും ഇരട്ടി ശമ്പളം നല്‍കണം. അത് നല്കാതിരുന്നാല് നന്ദികേടാകും.
ഡോ. സി. വി. ആനന്ദബോസ്
(9999 144 882)
പ്രതികരിക്കാൻ ഇവിടെ എഴുതുക: