തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തി ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴയിലും കോഴിക്കോടും 2 വീതവും, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം പേര്‍ക്കുമാണ് കൊറോണ പോസിറ്റീവായത്. ഇതില്‍ 7 പേര് വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്തു ആകെ രോഗം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 80 പേരാണു ചികിത്സയിലുള്ളത്.
വിദേശത്തു നിന്ന് എത്തിയ 7 പേര്‍ക്കാണ് രോഗം. തമിഴ്നാട്ടില്‍നിന്നെത്തിയ 4 പേര്‍ക്കും മുംബൈയില്‍നിന്നെത്തിയ 2 പേര്‍ക്കും രോഗമുണ്ട്. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേര് വീടുകളിലും 538 പേര് ആശുപത്രിയിലുമാണ്. സമ്പര്‍ക്കംമൂലം രോഗവ്യാപന സാധ്യത വര്‍ധിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി നല്കുന്നതു തുടരണോ എന്ന് ആലോചിക്കും. നാളെ പ്രത്യേകിച്ചു മാറ്റമില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.
122 പേരെ ഇന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കൂടുതല്‍ പേര് മലപ്പുറത്താണ് 36 പേര്. വയനാട്ടില്‍ 19 പേരെയും കോഴിക്കോട്ട് 17 പേരെയും കാസര്‍കോട്ട് 16 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴയില്‍ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കുമാണു രോഗബാധ. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്കയുണ്ട്. ശാരീരിക അകലം കൃത്യമായി പാലിക്കണം.
ക്വാറന്റീന് ലംഘിക്കുന്നവരെ കണ്ടെത്താന്‍ മോട്ടര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിച്ചു. ക്വാറന്റീനിലുള്ളവര്‍ പുറത്തിറങ്ങാനേ പാടില്ല. അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ നിയമിക്കും. പരിശോധന കര്‍ശനമാക്കും. വിവിധ മാര്‍ഗങ്ങളില്‍ 3732 പ്രവാസികള്‍ മടങ്ങിയെത്തി. 17 വിമാനങ്ങളിലും 3 കപ്പലുകളിലുമായാണ് ഇവരെത്തിയത്. കപ്പലില്‍ വന്ന മൂന്നു പേര്‍ക്കു തമിഴ്നാട്ടില്‍ രോഗബാധയുണ്ടായി. ഒപ്പമെത്തിയ മലയാളികളെ പരിശോധിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 187 പേര് രോഗബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതിനാല്‍ കരുതല്‍ വര്‍ധിപ്പിക്കണം. സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാര്‍ ബൈക്കില്‍ പട്രോളിങ് നടത്തും. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്ത് 53 കേസ്, കാസര്‍കോട് 11. കേരളത്തില്‍ നിന്ന് 33000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകള്‍ പോയി.
ഒരിടത്തും കണ്ടെയ്ന്മെന്റ് സോണ്‍ വിട്ടുള്ള സഞ്ചാരവും ആള്‍ക്കൂട്ടങ്ങളും അനുവദിക്കില്ല. ചിലയിടങ്ങളില്‍ ഉത്സവം നടത്താനും കൂട്ടപ്രാര്‍ത്ഥന നടത്താനും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ കാര്യത്തില്‍ ഒരിളവും ഉണ്ടാകില്ല. കര്‍ശന നിയന്ത്രണം തുടരും. രോഗവ്യാപനം കൂടുന്ന വയനാടിന് പ്രത്യേക ശ്രദ്ധ നല്‍കും.
ദല്‍ഹിയില്‍നിന്ന് പ്രത്യേക ട്രെയിന്‍ ഉടന്‍ അനുവദിക്കും. ഐലന്റ് എക്സ്പ്രസ് എല്ലാ ദിവസവുമുണ്ടാകും. ബെംഗളൂരുവില്‍ നിന്നുള്ളവര്‍ക്ക് ഇതു പ്രയോജനപ്പെടും. ദല്‍ഹി വിദ്യാര്‍ഥികള്‍ക്കായി നോണ്‍ എസി ട്രെയിന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ സ്വന്തം ചെലവില്‍ യാത്ര നടത്തണം. ദല്‍ഹിയിലെ ഹെല്പ് ഡെസ്ക് കാര്യങ്ങള്‍ ഏകോപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: