ന്യൂദല്‍ഹി: ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ വ്യവസായ, നിര്‍മാണ മേഖലകള്‍ ഉണര്‍ന്നു തുടങ്ങി. പലയിടങ്ങളിലും കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണങ്ങള്‍ പുനരാരംഭിച്ചു. ആഴ്ചകള്‍ കൊണ്ടു മാത്രമേ ഇവ പൂര്വസ്ഥിതിയിലേക്കെത്തൂ.
ഇന്ത്യയിലെ ഏറ്റവും വലിയ സംയുക്ത സംരംഭങ്ങളില്‍ ഒന്നായ മാരുതി സുസുകി കാര്‍ നിമ്മാണം പുനരാരംഭിച്ചു. ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ ഉത്പാദനം തുടങ്ങി. സര്‍ക്കാരിന്റെ കൊറോണ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിച്ചാണ് പ്രവര്‍ത്തനം. ജീവനക്കാരെ രണ്ടായി തിരിച്ച് ഷിഫ്റ്റ് അനുസരിച്ചാണ് ക്രമീകരണം. മാരുതിയുടെ യുപിയിലെ ഗുരുഗ്രാമിലെ കമ്പനിയിലും ഉത്പാദനം തുടങ്ങി. രണ്ടിടത്തും മാര്‍ച്ച് 22നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. പ്രതിവര്‍ഷം 15.5 ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയാണ് ഈ പ്ലാന്റുകള്‍ക്കുള്ളത്.
അതിനിടെ, പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെ റെയില്‍വേ ക്രമേണ പതിവ് രീതികളിലേക്ക് നീങ്ങിത്തുടങ്ങി. രണ്ടു ദിവസം കൊണ്ട് പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് വില്‍പ്പന വഴി റെയില്‍വേക്ക് 16 കോടിയോളം രൂപ ലഭിച്ചു. 30 ട്രെയിനുകളിലായി 82,000 പേരാണ് ടിക്കറ്റ് റിസര്‍വ് ചെയ്തത്.
അന്‍പതു ദിവസത്തിനു ശേഷം ചൊവ്വാഴ്ചയാണ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ 167 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തുന്നത്. ഘട്ടം ഘട്ടമായി കൂടുതല്‍ സര്‍വീസുകള്‍ പുനരംരംഭിക്കാനാണ് തീരുമാനം.
പലയിടങ്ങളിലും തുണിമില്ലുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു. കുറച്ചു ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് ഉത്പാദനം. ബൈക്ക് നിര്‍മ്മാതാക്കളായ ഹീറോയുടെ ഹരിദ്വാര്‍, ഗുരുഗ്രാം, ധഹാരുഹേര പ്ലാന്റുകളിലും ഉത്പാദനം തുടങ്ങി. ചില സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ വലിയ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മാസങ്ങളെടുത്തേക്കും. ബ്രൂവറികളും ഉത്പാദനം തുടങ്ങി. മദ്യവില്‍പ്പന പുനരാരംഭിക്കുന്നതോടെ ക്രമേണ ഇവയും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: