കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വയനാട്ടിലെ ഹോട്ട്സ്പോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയ 20 പേര്‍ക്കെതിരെ അമ്പലവയല്‍ പോലീസ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് ഇന്നലെ വൈകിട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടത്തിയത്.
ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇരുപതോളം പേര് കൂട്ടം ചേര്‍ന്ന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.
നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ നിര്‍ദേശം. വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ കൂട്ടം ചേര്‍ന്നുള്ള കളികളും ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തമിഴ്നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്നതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ക്കും ചെറുമകള്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെയാണ് നെന്മേനി പഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: