തിരുവനന്തപുരം: ഖജനാവില്‍ പണമില്ലെങ്കിലും അടിയന്തര പ്രാധാന്യമില്ലാത്ത കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികള്‍ക്ക് രഹസ്യകരാര്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പിലെ പണികള്‍ക്കാണ് ഈ അനാവശ്യ പണം ചെലവിടല്‍. മുഖ്യമന്ത്രി പിണറായിവിജയന്റെ ജില്ലയായ കണ്ണൂരിലെ 44 പ്രവൃത്തികള്‍ പട്ടികയിലുണ്ട്.
കരാര്‍ നല്‍കിയത് 628 പദ്ധതികള്‍ക്ക്. ഇതില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നല്കിയ പതിനഞ്ചും ഉള്‍പ്പെടുത്തി. ചില പദ്ധതികളുടെ അടങ്കല്‍ തുക എത്രയെന്ന് ഉത്തരവില്‍ പറയുന്നില്ല. ഇവയില്‍ മലയോര മേഖലയിലെ ചില പാലങ്ങളുടേതുമുണ്ട്. ബാക്കിയുള്ളവയ്ക്ക് 1469 കോടി രൂപയാണ് വകയിരുത്തിയത്. പൊന്നാനി, ദേവികുളം റസ്റ്റ് ഹൗസുകളുടെ നവീകരണം കൂടാതെ പാലങ്ങളും റോഡുകളും ഇതിലുള്‍പ്പെടുന്നു.
രണ്ട് കോടി രൂപ ചെലവഴിച്ച് എംഎല്‍എ ഹോസ്റ്റലിലെ നിള കെട്ടിടത്തില്‍ റൂഫ്ടോപ്പും നിര്‍മിക്കുന്നു. ഏപ്രില്‍ 25നാണ് ഉത്തരവിറക്കിയത്. ചില പദ്ധതികള്‍ മെയ് 15ന് മുമ്പ് പൂര്‍ത്തീകരിക്കേണ്ടതാണ്. എന്നാല്‍, ഈ ജോലികള്‍ തുടങ്ങിയിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റി ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അവര്‍ നല്കുന്ന അടങ്കല്‍ തുക അതേപടി അംഗീകരിക്കും. പൊതുമരാമത്തിലെ എസ്റ്റിമേറ്റ്സ് വിഭാഗത്തിന് ഇതില്‍ യാതൊരു പങ്കുമില്ല. ഒരു വര്‍ഷം ആയിരം കോടി രൂപയുടെ കരാറുകള്‍ ഒരു കമ്പനിക്ക് നല്കിയാല് ആ വര്‍ഷം കരാറുകള്‍ നല്കാന് പാടില്ലെന്ന് പൊതു മരാമത്ത് നിയമത്തില്‍ പറയുന്നു. അതിനാലാണ് തുക രേഖപ്പെടുത്താത്തതെന്നും ആക്ഷേപമുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ളതിനാലാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇങ്ങനെ പ്രവൃത്തികള്‍ നല്‍കുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: