കട്ടപ്പന: ലോക്ഡൗണിന്റെ മറവില്‍ നെടുങ്കണ്ടം പഞ്ചായത്തില്‍ തടയണ നിര്‍മാണം തകൃതിയായി നടക്കുന്നു. സ്വഭാവിക നീര്ചാല് തടസപ്പെടുത്തിയാണ് സ്വകാര്യ വ്യക്തി തടയണ നിര്‍മിക്കുന്നത്.
22 വാര്‍ഡില്‍ മേലേചിന്നാറിന് സമീപമാണ് തടയണ നിര്‍മ്മിക്കുന്നത്. മേലേചിന്നാര്‍ കല്ലാര്‍മുക്ക് പരല്‍ റോഡില്‍ അമ്പലപ്പടിക്ക് സമീപമാണ് നീര്ച്ചാല് തടസപ്പെടുത്തി തടയണ നിര്‍മാണം തകൃതിയായി നടന്നുവന്നിരുന്നത്.
ഒരു മാസം മുന്‍പാണ് പടുതാകുളം നിര്‍മിക്കുന്നെന്ന വ്യാജേന നിര്‍മാണം ആരംഭിച്ചത്. ആദ്യം പലയിടങ്ങളിലായി പടുതാകുളത്തിനുള്ള കുളം നിര്‍മ്മിച്ചു. പിന്നീട് വ്യാപകമായി മണ്ണെടുത്തതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഉഗ്ര സ്ഫോടനത്തില്‍ പൊട്ടിക്കുകയും ബ്രേക്കര്‍ ഉപയോഗിച്ച് കല്ലുകള്‍ പൊട്ടിച്ചു നീക്കുകയുമായിരുന്നു. പത്തോളം കുടുംബങ്ങളാണ് ഇപ്പോള്‍ തടയണ നിര്‍മ്മാണത്തിനെതിരെ പരാതിയുമായി എത്തിയിട്ടുള്ളത്.
സ്വഭാവികമായി ഒഴുകിയിരുന്ന നീര്ച്ചാല് സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഈ ഭാഗത്ത് വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ ഭീതിയിലാണ് നാട്ടുകാര്‍. പഞ്ചായത് വൈസ് പ്രസിഡന്റ് സ്ഥലത്ത് സന്ദര്‍ശനം നടത്തിയതായും ഇത്രയും വലിയ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം കണ്ടിട്ട് തിരിച്ച് പോയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലായെന്നും നാട്ടുകാര്‍ പറയുന്നു.
വില്ലേജ് അധികൃതരുടെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെയാണ് പാറപൊട്ടിക്കല്‍ അടക്കമുള്ള നിര്‍മാണം നടത്തിവരുന്നത്. കളക്ടര്‍ക്കും വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കുവാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: