ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ഒരു ബുദ്ധപൂര്‍ണ്ണിമ ദിനത്തിലായിരുന്നു ഇന്ത്യ, പൊഖ്റാന്‍ 2 ആണവപരീക്ഷണം നടത്തിയത്. അതിന്റെ പ്രകമ്പനത്തില്‍ ലോകം ആടിയുലഞ്ഞപ്പോള്‍, ഓരോ ഇന്ത്യാക്കാരന്റേയും ആത്മാഭിമാനം വിഹായസ്സോളം ഉയര്‍ന്നു. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. അതൊരു ഉണര്‍ത്തുപാട്ടല്ല, കുലുക്കി ഉണര്‍ത്തലായിരുന്നു. ഒപ്പം, ഇതാണു ഭാരതം എന്ന പ്രഖ്യാപനവും. ഞാന്‍ ഭാരതീയന് എന്നു നാം ഓരോരുത്തരും അഭിമാനത്തോടെ മനസ്സില്‍ പറഞ്ഞ ദിവസമാണത്. ദേശാഭിമാനം സിരകളെ ത്രസിപ്പിച്ച ദിവസം. ദേശീയ ബോധത്തിന്റെ അടങ്ങാത്ത അലയൊലികള്ക്കാണ് പിന്നീട് ഭാരതം സാക്ഷ്യം വഹിച്ചത്. ഇന്ത്യ ഒരിക്കലും ആണവ ശക്തിയാകില്ല എന്ന് വിധിച്ചവരുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി. പിന്നീട് ഇങ്ങോട്ട് ബുദ്ധന്റെ മങ്ങാത്ത ചിരിക്കുമുന്നില്‍ അപ്രസക്തമാകുന്ന അന്താരാഷ്ട്ര സമൂഹത്തെയാണ് നാം കണ്ടത്.
1998 മെയ് 11 ന് അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ലോകരാഷ്ട്രങ്ങളുടെ ചാരക്കണ്ണുകളെ വെട്ടിച്ചുകൊണ്ട് ഓപ്പറേഷന് ശക്തി എന്ന ആ പരീക്ഷണം നാം വിജയകരമായി പൂര്‍ത്തിയാക്കിയത്. ദൗത്യപൂര്‍ത്തീകരണത്തിനായി ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രി വാജ്പേയിക്ക് ഒപ്പം നിലയുറപ്പിച്ചത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി മേധാവി ഡോ. ആര്.ചിദംബരം, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് മേധാവിയും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ആയിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാം, ഫീല്‍ഡ് ഡയറക്ടര്‍ ഡോ.കെ. സന്താനം, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അനില്‍ കകോദ്കര്‍ തുടങ്ങി അര്‍പ്പണമനോഭാവമുള്ള ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമായിരുന്നു. ഡോ. അബ്ദുള്‍ കാലാമിനെപ്പോലെ വ്യക്തിപ്രഭാവമുള്ള ഒരാള്‍ ഈ പരീക്ഷണത്തിന്റെ മുന്നില്‍ നിന്നപ്പോള്‍ തന്നെ അതിനു മറ്റൊരു മാനം കൈവന്നിരുന്നു. ആണവപരീക്ഷണം ഇന്ത്യ സ്വീകരിക്കുന്ന മുന്‍കരുതലുകളുടെ ഭാഗമാണെന്നും, അത് വിനാശത്തിന് വേണ്ടിയുള്ളതല്ല എന്നും ഉറപ്പിക്കാന്‍ ആ സാന്നിധ്യം മാത്രം മതിയായിരുന്നു.
അമേരിക്കയും റഷ്യയും പോലുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ സ്വയം അടിയറ വച്ച പാരമ്പര്യമുള്ള ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് മുന്നില്‍ ആത്മാഭിമാനത്തിന്റെ പുതുഗാഥ രചിക്കുകയായിരുന്നു വാജ്പേയി സര്‍ക്കാര്‍. ക്രിക്കറ്റില്‍ ഭാരതം, പാക്കിസ്ഥാനെ പരാജയപ്പെടുത്തുമ്പോള്‍ മാത്രം ഉയണര്ന്നിരുന്ന ഭാരതീയന് എന്ന വികാരത്തെ പ്രോജ്ജ്വലിപ്പിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്. ഇന്ത്യയിലെ 91 ശതമാനം പേരും ഈ പരീക്ഷണത്തെ അനുകൂലിക്കുന്നുവെന്നാണ് രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് പത്രം അന്ന് റിപ്പോര്‍ട്ട് ചെയ്തത്. മധുരം വിതരണം ചെയ്തും ഭാരതമാതാവിന് ജയ് വിളിച്ചും അവര്‍ ആ വിജയം ആഘോഷിക്കുകയായിരിന്നു. അബാലവൃദ്ധം ജനങ്ങളുടേയും അന്തരംഗം അഭിമാനവിജൃംഭിതമായി. ദേശസ്നേഹത്താല്‍ പിന്നീട് ഓരോ ഇന്ത്യാക്കാരനും ആത്മാഭിമാനം കൊണ്ടത് മോദി സര്‍ക്കാര്‍ പാക്കിസ്ഥാന് ചുട്ട മറുപടി നല്കിയ സന്ദര്‍ഭങ്ങളിലാണ്.
ആണവായുധം നിര്‍മിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റിയെടുത്തതില്‍ സാങ്കേതിക വിദ്യകള്‍ക്കുള്ള പങ്കും പ്രശംസനീയമാണ്. അതിന് ശേഷമാണ് മെയ് 11 സാങ്കേതിക വിദ്യാ ദിനമായി ഇന്ത്യ ആഘോഷിക്കാന്‍ തുടങ്ങിയതും. ഇന്ത്യയുടെ ആണവ പരീക്ഷണത്തില്‍ തീര്‍ത്തും നിരാശരായ അമേരിക്കയും റഷ്യയും ഉള്‍പ്പടെയുള്ളവര്‍ ആ സംഭവത്തെ അപലപിക്കുകയാണ് ചെയ്തത്. ജപ്പാനും യുഎസും ഉള്‍പ്പടെയുള്ള ആഗോള ഭീമന്മാര് ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. പക്ഷേ, ഇന്ത്യ ഉറച്ച നിലപാടെടുത്തു. ഉപരോധത്തെ സ്വദേശീകരണം കൊണ്ട് ചെറുത്തു തോല്പിച്ചു. പൊഖ്റാന്‍ 2 വിജയം, ഓരോ ഭാരതീയന്റേതുമാണ് എന്ന് കരുതിയവരുടെ സഹകരണമാണ് അതിന് സഹായിച്ചത്.
ഇന്ത്യയെ എല്ലാ കാലത്തും അടിയാളനെപ്പോലെ കണക്കാക്കിയിരുന്ന അമേരിക്കയുടെ പോലും ചങ്കിടിപ്പ് കൂട്ടാന്‍ പോന്നതായിരുന്നു ആ ആണവ പരീക്ഷണം. ഇന്ത്യയെ തുല്യശക്തിയായി ഇന്ന് അമേരിക്കയടക്കം കാണുന്നുവെങ്കില്‍ അതിന്റെ തുടക്കം കുറിക്കപ്പെട്ടത് പോഖ്്റാനിലായിരുന്നു. ശത്രുവിന്റെ മുന്നില്‍ നിരായുധനായി നിന്ന് യുദ്ധം ജയിക്കുക അസാധ്യമാണ്. ആത്മാഭിമാനവും ദേശീയബോധവുമുള്ള പൗരനും എതിരാളിയെ തോല്‍പ്പിക്കണമെങ്കില്‍ ആയുധം വേണം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് അതിന്റെ സ്വഭാവത്തിലും മാറ്റം വരും. ആണവശക്തിയായതോടെ ആണവായുധം കൈവശമുള്ള രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ആരേയും കടന്നുകയറി ആക്രമിക്കാനല്ല, സ്വയരക്ഷയ്ക്ക് വേണ്ടി മാത്രം. യുദ്ധമല്ല സമാധാനമാണ് ഭാരതത്തിന്റെ മതം. ലോകാഃ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ഉരുവിടുന്ന ജനതയ്ക്ക് ആരേയും കടന്നാക്രമിക്കുന്ന ശീലമില്ല. പക്ഷേ, അവര്‍ ലോകത്തിന്റെ ഗതിക്കൊപ്പം എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും, പൗരന് വേണ്ടി, സമൂഹത്തിന് വേണ്ടി, രാഷ്ട്രത്തിന് വേണ്ടി. ആ പ്രഖ്യാപനമായിരുന്നു പോഖ്റാനിലെ സ്ഫോടനം. അതിന്റെ മാറ്റൊലി ഏറെ തലമുറകളെ ഊര്‍ജസ്വലരും കര്‍മനിരതരും കരുത്തുറ്റവരുമാക്കും. ആ ഓര്‍മപ്പെടുത്തലുമായാണ് ഒരു മെയ് 11 കൂടി കടന്നു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: