ന്യൂദല്‍ഹി: പാരാലിമ്പിക്സ് വെള്ളി മെഡല്‍ ജേതാവായ ദീപ മാലിക്ക് സജീവ കായിക രംഗത്ത് നിന്ന് വിരമിക്കുന്നു. പാരാലിമ്പിക്സ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ (പിസിഐ) പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നതിനായാണ് കായികരംഗം വിടുന്നത്. നാല്‍പ്പത്തിയൊമ്പതുകാരിയായ ദീപ മാലിക്ക് ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പിസിഐയക്ക് അപേക്ഷ നല്‍കിയിരുന്നു.
ദേശീയ കായിക നിയമപ്രകാരം കായിക രംഗത്ത് സജീവമായ ഒരു കായിക താരത്തിന് ദേശീയ ഫെഡറേഷനുകളുടെ ഭാരവാഹിയാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ദീപ മാലിക്ക് ട്വിറ്ററില്‍ കുറിച്ചു. പാരാലിമ്പിക്സ് ജാവലിന്‍ ത്രോ താരമായ ദീപ അമ്പത്തിയെട്ട് ദേശീയ മെഡലുകളും ഇരുപത്തിമൂന്ന് രാജ്യാന്തര മെഡലുകളും നേടിയിട്ടുണ്ട്.
പാരാലിമ്പിക്സില്‍ ആദ്യമായി മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ദീപ. 2016 ലെ റിയോ പാരാലിമ്പിക്സില്‍ ഷോട്ട്് പുട്ടില്‍ വെളളി മെഡല്‍ നേടിയതോടെയാണ് ഈ റെക്കോഡ് സ്വന്തമായത്. 2018-ല്‍ ദുബായിയില്‍ നടന്ന പാരാ അത്ലറ്റിക് ഗ്രാന്‍ഡ് പ്രീ ജാവിലന്‍ ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: