ന്യൂദല്‍ഹി : അടുത്തിടെ മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസുകാരില്‍ ഒരാള്‍ക്ക് കോവിഡ്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ പരിഗണിക്കവേ അര്‍ണബിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേയുടെ വാദത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റിപ്പബ്ലിക് ടിവിയില്‍ പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെക്കുറിച്ചും പരാമര്‍ശിച്ചെന്ന് ആരോപിച്ചാണ് അര്‍ണബിനെ പോലീസ് ചോദ്യം ചെയ്തത്. വിഷയത്തില്‍ മഹാരാഷ്ട്ര, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് സുപ്രീം കോടതി ഇടപെടലിനുശേഷമാണ് എല്ലാ എഫ്ഐആറുകളും ഒരുമിച്ചാക്കി മുംബൈയിലേക്ക് അന്വേഷണം നീക്കിയത്. ഏപ്രില്‍ 28ന് മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 12 മണിക്കൂറോളമാണ് പോലീസ് ചോദ്യം ചെയ്തത്. ഇവരില്‍ ഒരാള്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതിനിടെ പാല്‍ഘര്‍ ആക്രമണം സംബന്ധിച്ച് അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ വിരോധമില്ലെന്ന് ഹരീഷ് സാല്‍വേ സുപ്രീംകോടതിയില്‍ അറിയിച്ചു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഇതിനെ എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: