ന്യൂദല്‍ഹി: മറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇന്ത്യന്‍ പ്രീമയര്‍ ലീഗിലുള്ളത്. അതിനാല്‍ ഞാന്‍ ഐപിഎല്ലിനെ ഏറെ സ്‌നേഹിക്കുന്നുയെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ടീമിന്റെ നായകന്‍ കൂടിയായ കോഹ്‌ലി.
നമ്മള്‍ ഒരുപാട് ടൂര്‍ണമെന്റുകള്‍ കളിക്കുന്നുണ്ട്. മിക്കവാറും രണ്ട് ടീമുകള്‍ തമ്മിലായിരിക്കും മത്സരം. ഇന്റര്‍ നാഷണല്‍ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളും ഇടക്കിടയ്‌ക്ക് നടക്കാറുണ്ട്. പക്ഷെ ഐസിസി ടൂര്‍ണമെന്റുകളില്‍ പോലും നിങ്ങള്‍ക്ക് മറ്റ് ടീമുകളിലെ കളിക്കാരുമായി ശരിക്കും ഇടപഴകാനോ മറ്റ് ടീമുകളെ ഇടയ്‌ക്കിടക്ക് കാണാനോ കഴിയില്ല.
എന്നാല്‍ ഐപിഎല്ലില്‍ ഈ ടൂര്‍ണമെന്റുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവിടെ മിക്കവാറും ഓരോ, മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ടീമുകളെ പരസ്പരം ഏറ്റുമുട്ടും. അതാണ് ഐപിഎല്ലിന്റെ സൗന്ദര്യം, കോഹ്‌ലി പറഞ്ഞു.
ഐപിഎല്ലില്‍ ഒരുപാടുകളിക്കാരുമായി ഇടപഴകാനാകും. വര്‍ഷങ്ങളോളം ക്രിക്കറ്റ് കളിച്ച് പരിചയമുള്ളവരും ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാത്തവരുമൊക്കെ ഐപിഎല്ലില്‍ കളിക്കാനെത്തും. കളിക്കാരും ആരാധകരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതും ഐപിഎല്ലിന്റെ പ്രത്യേകതയാണെന്ന് കോഹ്‌ലി വെളിപ്പെടുത്തി.
മുപ്പത്തിയൊന്നുവയസുകാരനായ കോഹ്‌ലിക്ക് ഇതുവരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎല്‍ കിരീടം നേടിക്കൊടുക്കാനായിട്ടില്ല. റോയല്‍ ചലഞ്ചേഴ്‌സിലെ സഹതാരങ്ങളായ ക്രിസ് ഗെയ്ല്‍, എ.ബി. ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് ആസ്വദിക്കാറുണ്ടെന്ന് കോഹ്‌ലി പറഞ്ഞു.
ഈ വര്‍ഷത്തെ പതിമൂന്നാമത് ഐപിഎല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഈ സീസണില്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യത കുറവാണ്.
അതിനിടെ ഐപിഎല്‍ പുനക്രമികരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. നിലവില്‍ ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: