കട്ടപ്പന: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആളുകള്‍ക്ക് വേണ്ട സൗകര്യമൊരുക്കുന്നതില്‍ കൊന്നത്തടി പഞ്ചായത്തിന് ഗുരുതര വീഴ്ച. കിടക്കാന്‍ സൗകര്യമൊരുക്കിയത് സ്കൂളില്‍, ആവശ്യത്തിന് ഭക്ഷണമോ, ബെഞ്ചും ഡെസ്ക്കും കൂട്ടിയിട്ടാണ് കിടക്കാനായി നല്‍കിയത്. പ്രത്യേകം ശുചിമുറി വേണ്ടിടത്തുള്ളത് പൊതു ശുചിമുറിയും.
ഈ മാസം 6, 7 തിയതികളിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ചുപേര്‍ കൊന്നത്തടിയില്‍ എത്തിയത്. ഇവരെ ക്വാറന്റൈന് ചെയ്യാന്‍ പണിക്കന്‍കുടി ക്വീന്‍ മേരി സ്കൂളാണ് പഞ്ചായത്ത് തെരഞ്ഞെടുത്തത്. എന്നാല്‍ ഇവിടെ ഇവരെ പാര്‍പ്പിക്കുവാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാ എന്നതാണ് സത്യം. ആരോഗ്യവകുപ്പ് കമ്പിളിക്കണ്ടത്തെ വര്‍ഷങ്ങളായി അടഞ്ഞ് സിഎയുടെ ആശുപത്രി കെട്ടിടമാണ് ആളുകളെ ക്വാറന്റൈന് ചെയ്യുവാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥാപനം ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കുവാന്‍ പഞ്ചായത് അധികൃതര്‍ തയാറായില്ല.
ഒരു യുവതി അടക്കം നാലുപേരാണ് ഇപ്പോള്‍ ക്വീന്‍ മേരി സ്കൂളില്‍ കഴിയുന്നത്. ഇവര്‍ക്ക് കിടക്കുവാന് മെത്തയോ, പ്രത്യേകം ശുചിമുറിയോ നല്‍കിയില്ല. ബെഞ്ചും ഡെസ്ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കിടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്കുവാന് പോലും പഞ്ചായത്ത് തയാറായിരുന്നില്ല. വീടുകളില്‍ നിന്ന് ഇവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയായിരുന്നു. ഇവര്‍ക്ക് സഹായവുമായി നില്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും നല്‍കിയിട്ടില്ല. മുഖാവരണങ്ങളോ, സാനിടൈസറുകളോ ഇവര്‍ക്ക് പഞ്ചായത് നല്‍കിയിട്ടില്ല . മാത്രവുമല്ല സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശവും നല്കുവാന് പഞ്ചായത് തയാറായിട്ടില്ല.
ആരോഗ്യവകുപ്പ് അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും അതുപോലും നല്കുവാന് പഞ്ചായത്ത് തയാറായിട്ടില്ല. ക്വീന്‍ മേരി സ്കൂള്‍ ഇതിനായി തെരഞ്ഞെടുത്തപ്പോള്‍ അടിസ്ഥാന സൗകര്യം ഇല്ലെന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞിരുന്നെങ്കിലും പഞ്ചായത് അധികൃതര്‍ ആളുകളെ നിര്‍ബന്ധിതമായി ഇവിടെ പാര്‍പ്പിക്കുകയായിരുന്നു.
ക്വാറന്റൈന് നല്‍കിയതില്‍ വീഴ്ച വരുത്തിയതുമായി ബന്ധപെട്ട് പഞ്ചായത്തിനെതിരെ റിപ്പോര്‍ട്ട് നല്കാന് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. വൈകിട്ടോടെ രണ്ടുപേര്‍കൂടി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തി. ഇന്ന് മുതല്‍ ആരെയും ക്വീന്‍ മേരിയില്‍ പാര്‍പ്പിക്കുവാന്‍ അനുവദിക്കുകയില്ല എന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: