ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയെ വീണ്ടും വലച്ച് ജനറേറ്റര്‍ തകരാര്‍. ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞമാസം അവസാനം അറ്റകുറ്റപണി ആരംഭിച്ച ആറാം നമ്പര്‍ ജനറേറ്ററിന്റെ ട്രാന്‍സ്ഫോര്‍മര്‍ പരീക്ഷണ ഓട്ടത്തിനിടെ തകരാറിലായി.
ഒന്നരമാസത്തോളമായി അറ്റകുറ്റപണികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജനുവരി 20നും കഴിഞ്ഞ ഫെബ്രുവരി ഒന്നിനുമാണ് മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തിലെ രണ്ടും ആറും ജനറേറ്ററുകള്‍ തകരാറിലായത്. ആകെയുള്ള ആറ് ജനറേറ്ററു(130 മെഗാവാട്ട് ശേഷി) കളില്‍ ഒന്നാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണിയിലുമാണ്.
ജനറേറ്ററില്‍ നിന്ന് വരുന്ന 11 കെവി ഔട്ട്പുട്ട് മൂന്ന് ഘട്ടമായാണ് സ്റ്റെപ്പ് അപ്പ് ചെയ്ത് 220 കെവിയായി ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ഉയര്‍ത്തുന്ന ഒരു ജനറേറ്ററാണ് തകരാറിലായത്. ഇത് മാറ്റി സ്ഥാപിക്കാന്‍ 15 ദിവസം കൂടി എടുക്കുമെന്നാണ് കണക്കാക്കുന്നത്. ഈ ജനറേറ്ററിന്റെ അനുബന്ധഭാഗമായ പാനല്ബോര്ഡാണ് ഫെബ്രുവരി ഒന്നിനുണ്ടായ പൊട്ടിത്തെറിയില്‍ കത്തി നശിച്ചത്.
അതേ സമയം മഴക്കാലം പടിവാതിക്കലെത്തി നില്‍ക്കെ 44 ശതമാനമാണ് ഇടുക്കിയിലെ ജലശേഖരം. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ജലനിരപ്പ് സാവധാനമാണ് കുറയുന്നത്. അറ്റകുറ്റപണി നീളുന്നത് കാരണം മഴയെത്തിയാല്‍ ഇടുക്കി സംഭരണി വളരെ വേഗം നിറയുന്നതിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: