കോഴിക്കോട്: ലോക്ക് ഡൗണ്‍ തീരുന്നതിന് മുമ്പ് മൂല്യനിര്‍ണ്ണയക്യാമ്പ് നടത്താനുള്ള കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തീരുമാനത്തില്‍ അധ്യാപകര്‍ ആശങ്കയില്‍. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 12 ന് തുടങ്ങാനാണ് സിന്റിക്കേറ്റ് സ്ഥിരം സമിതി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രീകൃത ക്യാമ്പ് മാറ്റിയിട്ടുണ്ടെങ്കിലും അധ്യാപകര്‍ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്യാമ്പുകളിലാണ് എത്തേണ്ടത്.
പൊതുഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിക്കാതെ അധ്യാപകര്‍ക്ക് ക്യാമ്പുകളില്‍ എത്താനാകുകയില്ല. ലോക്ക്ഡൗണ്‍ ആയതോടെ പല അധ്യാപകരും വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് തടസ്സമുള്ള സാഹചര്യത്തില്‍ എങ്ങനെയാണ് ക്യാമ്പുകളില്‍ എത്തുകയെന്നതാണ് അധ്യാപകരുടെ ആശങ്ക. കാലിക്കറ്റ് സര്‍വ്വകലാശാല പരിധിയിലെ കോളജുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. ലോക്ക്ഡൗണ്‍ കാരണം ഇവര്‍ പലരും വീടുകളില്തന്നെയാണുള്ളത്. പൊതുഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിച്ച് ലോക്ക് ഡൗണില്‍ ഇളവ് വരുത്താതെ തിടുക്കത്തില്‍ ക്യാമ്പ് നടത്താനുള്ള നീക്കവും ഹാജരായില്ലെങ്കില്‍ ശമ്പളം തടയുമെന്നുള്ള മുന്നറിയിപ്പും അധ്യാപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: