തൃശൂര്‍: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പ്രതിരോധത്തിനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ മാസ്ക് നിര്‍മ്മാണ യൂണിറ്റില്‍ ആരംഭിച്ച മാസ്ക്കുകളുടെ നിര്‍മ്മാണം ഒരു ലക്ഷം കവിഞ്ഞു. കേരളത്തില്‍ കോവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വിപണിയില്‍ പ്രതിരോധത്തിന് ആവശ്യമായ മാസ്ക് സാനിറ്റൈസര്‍ എന്നിവ ലഭ്യമല്ലാതാവുകയും ചെയ്തതോടെയാണ് കേരളത്തിലെ ജയിലുകളില്‍ നിന്നും തുണികൊണ്ടുള്ള മാസ്ക്കുകളും അതിനുപുറമേ ആല്‍ക്കഹോള്‍ ഉപയോഗിച്ച് സാനിറ്റൈസറുകളും നിര്‍മ്മിച്ചു നല്കാന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 14 മുതല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാസ്ക്കിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. തുടക്കം ചെറിയ രീതിയില്‍ ആയിരുന്നു. പ്രതിദിനം 500 മാസ്ക്കുകളാണ് ആദ്യദിനങ്ങളില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ ഉല്പാദനവും കൂട്ടി. ജയിലില്‍ നിലവിലുണ്ടായിരുന്ന തയ്യല്‍ മെഷീനുകള്‍ തകരാറുകള്‍ പരിഹരിച്ച് പൂര്‍ണമായി മാസ്ക് നിര്‍മാണത്തിനായി ഉപയോഗിച്ചു. ഇതിനുപുറമേ മൂന്ന് പുതിയ തയ്യല്‍ മെഷീനുകള്‍ കൂടി വാങ്ങി.
ഇപ്പോള്‍ പ്രതിദിനം 2500 ലേറെ മാസ്കുകള്‍ ഉല്പാദിപ്പിക്കുന്നു. ഉല്പാദനം തുടങ്ങി 56 ദിവസത്തിനുളളില്‍ ഒരു ലക്ഷം മാസ്കുകള്‍ നിര്‍മ്മിച്ചുവെന്ന നേട്ടത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. തുണികൊണ്ടുള്ള രണ്ടു പാളി മാസ്കുകളാണ് ആദ്യം വിപണിയിലിറക്കിയത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് മൂന്ന് പാളി മാസ്ക്കുകളാണ് നിര്‍മ്മിക്കുന്നത്. പോലീസ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, ക്ഷീരവികസനവകുപ്പ്, വിവിധ സഹകരണസംഘങ്ങള്‍, വിവിധ പത്ര ദൃശ്യമാധ്യമങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലേക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാസ്കുകള്‍ നിര്‍മ്മിച്ചു നല്കി. അതിനുപുറമേ ജയിലിനു മുന്നിലെ വില്‍പ്പന കൗണ്ടര്‍ വഴി പൊതുജനങ്ങള്‍ക്കും മാസ്ക് വില്‍പ്പന നടത്തി വരുന്നു. മൂന്നു പാളി ഉള്ള തുണി മാസകിന് 15 രൂപയാണ് വില.
ജയിലില്‍ സാനിറ്റൈസറിന്റെ നിര്‍മ്മാണം ആരംഭിച്ചത് മാര്‍ച്ച് 20 മുതലാണ്. ഇതുവരെ 2000 ലിറ്റര്‍ സാനിറ്റൈസറാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിര്‍മ്മിച്ചത്. സെന്റ് തോമസ് കോളേജ് കെമിസ്ട്രി വിഭാഗം റിസര്‍ച്ച് വിങിന്റെ മേല്‍ നോട്ടത്തി ലാണ് സാനിറ്റൈസര്‍ നിര്‍മ്മാണം നടത്തി വരുന്നത്. ജയിലിന് മുന്നിലുള്ള കൗണ്ടറില്‍ നിന്നും 100 മില്ലിലിറ്റര്‍ സാനിറ്റൈസര്‍ 50 രൂപ നിരക്കിലും ലഭ്യമാണെന്ന് സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: